സിപിഎം ലക്ഷ്യമിടുന്നത് കടുത്ത രാഷ്ട്രീയ പോരാട്ടം; മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും മത്സരരംഗത്ത്

By Web TeamFirst Published Mar 7, 2019, 10:53 AM IST
Highlights

ശബരിമല വിഷയത്തിൽ നഷ്ടമായേക്കാവുന്ന വോട്ടുകൾ സ്ഥാനാര്‍ത്ഥി മികവിൽ മറികടക്കും. കൊലപാതക രാഷ്ട്രീയം പ്രതിഫലിച്ചേക്കാവുന്ന വടക്കൻ കേരളത്തിൽ പാര്‍ട്ടി സംവിധാനത്തെ ആകെ അണിനിരത്തി ചെറുക്കും. സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക  കരുതലോടെ

തിരുവനന്തപുരം: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ സ്ഥാനാര്‍ത്ഥി മികവിൽ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് സിപിഎം. ഘടക കക്ഷികൾക്ക് സീറ്റ് വീതിച്ച് നൽകാതെ പതിനാറിടത്തും പാര്‍ട്ടി ഇറങ്ങുന്നത് സ്വന്തം നിലയ്ക്കാണ്. മുതിര്‍ന്ന നേതാക്കളെയും ജന പ്രതിനിധികളെയും മാത്രം ഉൾപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. 

പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ നിലപാട് കൂടി പരിഗണിച്ച് സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് രൂപം നൽകും. തുടര്‍ന്ന് ഇത് സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് വിടും. പോളിറ്റ് ബ്യൂറോ അനുമതിയോടെ ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം. അന്തിമ പട്ടിക അനുസരിച്ചാണെങ്കിൽ പി കരുണാകരൻ ഒഴികെ എംപിമാരെല്ലാം മത്സര രംഗത്തുണ്ടാകും. പൊന്നാനിയിൽ പിവി അൻവര്‍, ആലപ്പുഴയിൽ എഎം ആരിഫ് ,പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎൽഎമാര്‍ മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ കോട്ടയത്തും പി ജയരാജൻ വടകരയിലും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് എറണാകുളം മണ്ഡലത്തിലും കെഎൻ ബാലഗോപാൽ കൊല്ലത്തും മത്സരത്തിനുണ്ടാകും.

ചാലക്കുടിയിൽ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്കുള്ള എതിര്‍പ്പ് സിപിഎം സംസ്ഥാന നേതൃത്വം കണക്കിലെടുത്തേക്കില്ലെന്ന് സൂചന. ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന നിലപാടിൽ ഏറ്റവും ഒടുവിൽ സംസ്ഥാന നേതൃത്വം എത്തിയതെന്നാണ് വിവരം. 

സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങെനെ  

  • 1 ആറ്റിങ്ങൾ എ സന്പത്ത് 
  • 2 കൊല്ലം- കെഎൻ ബാലഗോപാൽ 
  • 3 പത്തനംതിട്ട വീണ ജോര്‍ജ്ജ് 
  • 4 ആലപ്പുഴ എഎം ആരിഫ് 
  • 5 ഇടുക്കി ജോയിസ് ജോര്‍ജ്ജ് 
  • 6 കോട്ടയം വിഎൻ വാസവൻ 
  • 7 എറണാകുളം പി രാജീവ് 
  • 8 ചാലക്കുടി ഇന്നസെന്റ് 
  • 9 പൊന്നാനി പിവി അൻവര്‍ 
  • 10 മലപ്പുറം വി പി സാനു
  • 11 ആലത്തൂര്‍ പി കെ ബിജു
  • 12 പാലക്കാട് എംബി രാജേഷ് 
  • 13 കോഴിക്കോട് എ പ്രദീപ് കുമാര്‍
  • 14 വടകര പി ജയരാജൻ 
  • 15 കണ്ണൂര്‍ പികെ ശ്രീമതി 
  • 16 കാസര്‍കോട് കെപി സതീഷ് ചന്ദ്രൻ 

മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് സിപിഎം തീരുമാനം. ശബരിമല വിഷയത്തിൽ നഷ്ടപ്പെടാൻ ഇടയുള്ള വോട്ടുകൾ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാൻ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രകടമാണ്. ഏറ്റവും ഒടുവിൽ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഎം ചെറുക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകരയിൽ മത്സരത്തിനിറങ്ങുന്നതോടെ വടക്കൻ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവൻ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പി ജയരാജന്‍റെ വരവ് അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച സജീവമാക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും എങ്കിലും ജെഡിഎസിന്‍റെ വരവോടെ മണ്ഡലം ഭദ്രമാണെന്ന് വിലയിരുത്തൽ

click me!