'പാപ്പരായ നേതാവ്, ഒളിച്ചോടിയ പടനായകൻ', രാഹുലിനെതിരെ കച്ച മുറുക്കി സിപിഎം

By Web TeamFirst Published Apr 5, 2019, 1:13 PM IST
Highlights

രാഹുലിന്‍റെ നിലപാട് പരിഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ വാക്കുകളും പ്രവൃത്തിയും തമ്മിലൊരു ബന്ധവുമില്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള.

കോഴിക്കോട്: വയനാട്ടിൽ ഇടത് പക്ഷത്തിനെതിരെ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം ശക്തമാക്കി സിപിഎം. ദേശീയനേതാക്കളെ ഇറക്കി വിപുലമായ പ്രചാരണപരിപാടികൾക്കാണ് സിപിഎം ഒരുങ്ങുന്നത്. ഈ മാസം തന്നെ സിപിഎം നേതൃത്വത്തിൽ മണ്ഡലത്തിൽ മെഗാറാലി നടത്തും. 18-ന് സിപിഎം മണ്ഡലത്തിൽ നടത്താനൊരുങ്ങുന്ന വമ്പിച്ച പ്രചാരണയോഗത്തിൽ രാഹുലുമായി അടുത്ത ബന്ധം പുലർത്തുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും. നേരത്തേ യെച്ചൂരിയുടെ പ്രചാരണപരിപാടികളിൽ വയനാടിനെ ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചയായിരുന്നു. 

ഭാവി സഖ്യസാധ്യത കൂടി തുറന്നിട്ട് സിപിഎമ്മിനെതിരെ ഒരു വാക്കും പറയില്ലെന്ന രാഹുൽഗാന്ധിയുടെ തന്ത്രപരമായ നിലപാട് പക്ഷേ കേരളത്തിലെ സിപിഎമ്മിന് അംഗീകരിക്കാൻ നിവൃത്തിയില്ല. രാഹുൽ ശത്രുപക്ഷത്ത് നിർത്തുന്നില്ലെന്ന് വ്യക്തമാക്കിയിട്ടും ആ സൗജന്യം വേണ്ടെന്ന നിലപാടിൽ സിപിഎം വിമർശനം നിർത്തുന്നില്ല. 

കേരളത്തിൽ മത്സരിക്കാനെത്തി സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുൽഗാന്ധിയുടെ പരാമർശം പരിഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ''ഒന്നും പറയാനില്ലെന്നാണ് രാഹുൽ പറയുന്നത്. പിന്നെന്താണ് പറയാനുള്ളത്? ഒരു മണ്ഡലത്തിലല്ല, ഇരുപത് മണ്ഡലങ്ങളിലാണ് ഞങ്ങൾ കോൺഗ്രസിനെ എതിരിടുന്നത്. അതിൽ വയനാടും ഉണ്ട്. ഒരു വ്യത്യാസവുമില്ല'', എന്ന് പിണറായി. 

രാഹുൽ പാപ്പരായ നേതാവാണെന്നും യുദ്ധക്കളത്തിൽ നിന്ന് ഒളിച്ചോടിയ പടനായകനാണെന്നുമാണ് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള ആരോപിച്ചത്. രാഹുലിന്‍റെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വിശ്വസിക്കാനാകില്ലെന്നും എസ്ആർപി കോഴിക്കോട്ട് പറഞ്ഞു. പല മാധ്യമസർവെകളും പെയ്‍ഡ് സർവേകളാണെന്നും പണം നൽകിയുള്ള പ്രചാരണമാണെന്നും എസ്ആർപി ആരോപിച്ചു. 

അതേസമയം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ പ്രചാരണത്തിനെത്തുമെന്ന് ഉറപ്പായി. രാഹുൽ മത്സരരംഗത്തിറങ്ങിയതോടെ ദേശീയ നേതാക്കളെ ഇറക്കി കളം പിടിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചതോടെയാണ് യെച്ചൂരി അടക്കം പ്രചാരണത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ 18 ന്‌ വയനാട്‌ എത്തുന്ന യെച്ചൂരി ആദ്യം കൽപ്പറ്റയിലും പിന്നീട് വണ്ടൂരിലും നടത്തുന്ന തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക്‌ കല്‍പ്പറ്റയിലും വൈകുന്നേരം 3.30യ്ക്ക് വണ്ടൂരിലുമാണ് പരിപാടികൾ. 

രാഹുലുമായി നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന യെച്ചൂരി ഈ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ എന്ത് പറയുന്നു എന്നത് ശ്രദ്ധേയമാകും. പ്രത്യേകിച്ച് ഏപ്രിൽ 4-ന് പത്രിക സമർപ്പിക്കാനെത്തിയപ്പോൾ 'ഞാൻ സിപിഎമ്മിനെതിരെ എന്‍റെ പ്രചാരണത്തിൽ ഒരക്ഷരം പോലും പറയില്ലെ'ന്ന് രാഹുൽ എടുത്തു പറഞ്ഞ‌ സ്ഥിതിക്ക്. മാത്രമല്ല, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‍നാട്ടിൽ ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിന്‍റെ ഭാഗമായ കോൺഗ്രസും സിപിഎമ്മും പരസ്പരം ജയിപ്പിക്കാൻ ഒന്നിച്ചു നിൽക്കുക കൂടി ചെയ്യുന്ന പാർട്ടികളാണെന്നും ശ്രദ്ധേയം. 

ദക്ഷിണേന്ത്യയിലെ സീറ്റില്‍ നിന്നും കൂടി മത്സരിക്കാന്‍ രാഹുലിനോട് നിര്‍ദേശിച്ചത് യെച്ചൂരിയാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രീതിയില്‍ ചര്‍ച്ച വഴി മാറുന്നത് ഒഴിവാക്കുകയും രാഹുലിനെ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നേരിടുകയും ചെയ്യുന്നുവെന്ന സന്ദേശം നല്‍കുക എന്നത് കൂടി മുന്നില്‍ കണ്ടാണ് യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെ സിപിഎമ്മും സിപിഐയും രംഗത്തിറക്കുന്നത്. 

ദേശീയനേതാക്കളെല്ലാം വരുന്നതോടെ എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ ഗ്ലാമര്‍ മണ്ഡലമായി വയനാട് മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ എന്നിവരും വയനാട്ടിലെത്തി രാഹുലിനെതിരെ പ്രചാരണം നടത്തും. രാഹുൽ വീണ്ടും വയനാട്ടിലേക്ക് ഈ മാസം 16,17 തീയതികളിലെത്തും. പ്രിയങ്കയും ഒപ്പമുണ്ടാകാൻ സാധ്യതയുണ്ട്. ഏപ്രിൽ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ് പ്രചാരണയോഗത്തിൽ പങ്കെടുക്കുക. 

click me!