'സ്ലിപ്പുകൾ കീറി എറിഞ്ഞു, ബൂത്തിൽ നിന്ന് പുറത്താക്കി', പിലാത്തറയിലെ യുഡിഎഫ് ബൂത്ത് ഏജന്‍റ് പറയുന്നു

By Web TeamFirst Published Apr 28, 2019, 2:26 PM IST
Highlights

പതിനേഴാം ബൂത്തിൽ കള്ളവോട്ടവചെയ്യാൻ എത്തിയ 2 പേരെ തടഞ്ഞതിനിടെ പ്രകോപിതരായ സിപിഎം പ്രവർത്തകർ കയ്യിലുള്ള പട്ടിക കീറി എറിഞ്ഞു. ശേഷം ബൂത്തിൽ ഇരിക്കാൻ അനുവദിച്ചില്ലെന്നും പതിനേഴാം നമ്പർ ബൂത്ത് ഏജന്‍റ് പറയുന്നു. 

കണ്ണൂർ: കള്ളവോട്ട് വിവാദമുണ്ടായ പിലാത്തറ സ്‌കൂളിൽ വ്യാപക കള്ളവോട്ട് നടന്നുവന്ന ആരോപണവുമായി യുഡിഎഫ്. 17,18,19 ബൂത്തുകളിൽ യുഡിഎഫ് ഏജന്‍റുമാരെ സിപിഎം പ്രവർത്തകർ വോട്ടർ പട്ടിക കീറി എറിഞ്ഞ ശേഷം പുറത്താക്കി. ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും യുഡിഎഫ് പോളിംഗ് ഏജന്‍റ് രാമചന്ദ്രൻ പറഞ്ഞു. 

വിഷയത്തിൽ വിശദമായ റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർ ഉടൻ സമർപ്പിക്കും.  ദൃശ്യങ്ങൾ വ്യാജമല്ലെന്ന് വെബ് കാസ്റ്റിങ് ചുമതലയുള്ള ഉദ്യോഗസ്ഥർ കളക്ടറെ അറിയിച്ചു.

പിലാത്തറ യുപി സ്‌കൂളിലെ ബൂത്തിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ പുറത്തു വന്നതും വിവാദമായതും.  പഞ്ചായത്ത് അംഗം അടക്കമുള്ളവർ ചെയ്തത് കള്ളവോട്ട് അല്ലെന്നും ഓപ്പൺ വോട്ട് ആണെന്നും കാട്ടി സിപിഎം പ്രതിരോധം ശക്തമാക്കുമ്പോഴാണ് യുഡിഎഫ് പോളിംഗ് ഏജന്‍റുമാർ നേരിട്ട് രംഗത്തെത്തുന്നത്. 

പതിനേഴാം ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ എത്തിയ 2 പേരെ തടഞ്ഞതിനിടെ പ്രകോപിതരായ സിപിഎം പ്രവർത്തകർ കയ്യിലുള്ള പട്ടിക കീറി എറിഞ്ഞു. ശേഷം ബൂത്തിൽ ഇരിക്കാൻ അനുവദിച്ചില്ലെന്ന് പതിനേഴാം നമ്പർ ബൂത്ത് ഏജന്‍റ് പറയുന്നു.

സമാന അവസ്ഥയായിരുന്നു 18,19 ബൂത്തുകളിലും. പരാതി പറഞ്ഞിട്ടും ഫലമില്ലാത്ത അവസ്ഥയിലാണ് ദൃശ്യങ്ങൾ പുറത്തു വന്നത്. അതേ സമയം പത്തൊമ്പതാം ബൂത്തിൽ പുറത്തു വന്ന ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇവ ഓപ്പൺ വോട്ട് ആണെന്ന് സിപിഎം സമർത്ഥിക്കുമ്പോഴും ദൃശ്യങ്ങളിൽ ഇവയുടെ സാധുത ചോദ്യം ചെയ്യപ്പെടുകയാണ്. 

ഓപ്പൺ വോട്ടിനു വരി നിൽക്കേണ്ടതില്ല എന്നിരിക്കെ ഇവരെല്ലാം വരി നിന്നാണ് വോട്ട് ചെയ്യുന്നത്. ഓപ്പൺ വോട്ടിനു യഥാർത്ഥ വോട്ടർ കൂടെ ഇല്ല താനും. അതേ സമയം ഇടത് മുന്നണിക്ക് ജയിക്കൻ കള്ളവോട്ട് ആവശ്യമില്ലെന്നാണ് മന്ത്രി തോമസ് ഐസക് പറഞ്ഞത്. 

വോട്ടറുടെയും സഹായിയുടെയും പേരുകൾ രേഖപ്പെടുത്തിയ ഓപ്പൺ വോട്ട് റജിസ്റ്റർ പരിശോധിച്ച് കളക്ടർ നൽകുന്ന റിപ്പോർട്ട് ആണ് ഇവ കള്ളവോട്ട് ആണോ എന്നു തെളിയിക്കുന്നതിൽ നിർണായകം. വിശദമായ റിപ്പോർട്ട് ഉടൻ നൽകുമെന്നാണ് വിവരം. കണ്ണൂരിൽ ബൂത്തുകളിൽ നിന്നുള്ള കള്ളവോട്ട് വിവരങ്ങൾ പുറത്തു വിടാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഒപ്പം നിയമനടപടിയും ശക്തമാക്കും. കണ്ണൂരിലെ കള്ളവോട്ട് തടയുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ജാഗ്രത ഉണ്ടായില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും ആരോപിച്ചു.

"

click me!