മസൂദ് അസ്ഹറിനെ പ്രഗ്യാ സിംഗ് ശപിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമില്ല; പരിഹസിച്ച് ദിഗ്‍വിജയ് സിംഗ്

By Web TeamFirst Published Apr 28, 2019, 12:11 PM IST
Highlights

മതം വില്‍ക്കുന്നവരെക്കുറിച്ച് ജാഗ്രതയുണ്ടാവണം. 500 വര്‍ഷം രാജ്യം മുസ്ലീങ്ങള്‍ ഭരിച്ചിട്ടും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും ദിഗ്‍വിജയ് 

ഭോപ്പാല്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പ്രഗ്യാ സിംഗ് താക്കൂര്‍ ശപിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. അശോക് ഗാര്‍ഡന്‍സില്‍ നടന്ന റാലിയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗിനെ ദിഗ്‍വിജയ് സിംഗ് രൂക്ഷമായി പരിഹസിച്ചത്.

തന്‍റെ ശാപം മൂലമാണ് മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതെന്ന് മുന്‍പ്  പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഏത് നരകത്തില്‍ ഒളിച്ചാലും തീവ്രവാദികളെ വേട്ടയാടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുല്‍വാമ, പത്താന്‍കോട്ട്, ഉറി ആക്രമണ സമയത്ത് എവിടെയായിരുന്നു അദ്ദേഹം. ഇത്തരം ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്നും ദിഗ്‍വിജയ് സിംഗ് ചോദിച്ചു. 

മതം വില്‍ക്കുന്നവരെക്കുറിച്ച് ജാഗ്രതയുണ്ടാവണം. 500 വര്‍ഷം രാജ്യം മുസ്ലീങ്ങള്‍ ഭരിച്ചിരുന്നു. മറ്റൊരു മതങ്ങള്‍ക്കും അവര്‍ അപകടമുണ്ടാക്കിയിട്ടില്ല. മുസ്ലീങ്ങളും സിഖുകാരും ക്രിസ്‍ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരും സഹോദരന്മാരാണ്. എന്നാല്‍ ഹിന്ദുക്കള്‍ അപകടത്തിലാണെന്നും ഒന്നിക്കണമെന്നുമാണ് ഇവര്‍ പറയുന്നതെന്നും ദിഗ്‍വിജയ് സിംഗ് പറഞ്ഞു.

കള്ളന്‍ എന്ന പേര് ഗൂഗിളില്‍  അടിച്ചാല്‍ ആരുടെ പേരാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. ഹര ഹര മഹാദേവ് എന്നാണ് ഞങ്ങളുടെ മതത്തിലുള്ളത്.  എന്നാല്‍ ബിജെപി അത് ഹര ഹര മോദിയെന്നാക്കിയെന്നും ദിഗ്‍വിജയ് സിംഗ് പറഞ്ഞു.

click me!