തീപ്പൊരി പ്രസംഗവുമായി വീണ്ടും ശശിധരന്‍; പ്രചാരണം ഇന്നസെന്‍റിന് വേണ്ടി

By Web TeamFirst Published Apr 16, 2019, 9:08 AM IST
Highlights

ചാലക്കുടി മണ്ഡലത്തിലെ വിവിധ പാർട്ടി വേദികളിൽ ഇന്നസെന്‍റിനായി വോട്ട് പിടിക്കാൻ ടി ശശിധരൻ മുന്നിലുണ്ട്. പാർട്ടി നടപടിക്ക് ശേഷം ശശിധരൻ പൊതു വേദികളിലെത്തുന്നത് കുറവായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിതി മാറി. 

തൃശൂര്‍: പത്രണ്ട് വർഷങ്ങൾക്ക് മുമ്പ് പാർട്ടി നടപടി നേരിട്ട തൃശ്ശൂരിലെ സിപിഎം നേതാവ് ടി ശശിധരൻ ഒരിടവേളയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വീണ്ടും സജീവമാകുന്നു. ചാലക്കുടി മണ്ഡ‍ലത്തിലെ സ്ഥാനാർത്ഥി ഇന്നസെന്‍റിനായി ദിവസവും നാലിൽ അധികം പരിപാടികളിലാണ് ശശിധരൻ പ്രസംഗിക്കുന്നത്. പ്രാസംഗികൻ എന്ന നിലയിലുള്ള ശശിധരന്‍റെ കഴിവ് പരമാവധി ഉപയോഗപ്പെടുത്താനാണ് പാർട്ടി തീരുമാനം

ചാലക്കുടി മണ്ഡലത്തിലെ വിവിധ പാർട്ടി വേദികളിൽ ഇന്നസെന്‍റിനായി വോട്ട് പിടിക്കാൻ ടി ശശിധരൻ മുന്നിലുണ്ട്. പാർട്ടി നടപടിക്ക് ശേഷം ശശിധരൻ പൊതു വേദികളിലെത്തുന്നത് കുറവായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിതി മാറി. പാർട്ടി നിർദേശ പ്രകാരം ഏരിയയിൽ മാത്രമാണ് പ്രചാരണം. പുറത്ത് പോകാൻ ജില്ല കമ്മിറ്റിയുടെ അനുമതി വേണം.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥി സി കെ ചന്ദ്രന്‍റെ തോൽവിക്ക് കാരണക്കാരനാണെന്ന് പാർട്ടി കണ്ടെത്തിയതോടെയാണ് 2007 ൽ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശശിധരനെ സസ്പെന്‍റ് ചെയ്തത്. പിന്നീട് 2008 ൽ അന്നമനട സെന്‍റർ ബ്രാഞ്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തി അഞ്ച് വർഷത്തിന് ശേഷമാണ് മാള ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. 

സംസ്ഥാന സമിതിയിലേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് എല്ലാം പാർട്ടി തീരുമാനിക്കുമെന്ന് മറുപടി. ഒരാള്‍ ഭൂതകാലത്ത് എത്രവലിയ ആളായിരുന്നു എന്നത് വലിയ കാര്യമല്ല, പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് ഇപ്പോഴും തന്നെ ബോധ്യമായിട്ടുണ്ടാകില്ലെന്നും ശശിധരന്‍ പറഞ്ഞു. 

click me!