തഹസില്‍ദാര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമില്‍ കയറി; സിപിഎം പരാതിയില്‍ കളക്ടറെ സ്ഥലംമാറ്റാന്‍ കോടതി ഉത്തരവിട്ടു

By Web TeamFirst Published Apr 28, 2019, 11:07 AM IST
Highlights

മധുര ജില്ലാ കലക്ടര്‍ എസ് നടരാജന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എം ഗുരുചന്ദ്രന്‍, അസി. പൊലീസ് കമ്മീഷണര്‍ മോഹന്‍ദാസ് എന്നിവരാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി സ്ഥലം മാറ്റല്‍ നടപടി നേരിട്ടിരിക്കുന്നത്. അനധികൃതമായി തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സ്ട്രോംഗ് റൂമില്‍ കയറി എന്ന പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്

മധുര: തമിഴ്നാട്ടില്‍ വലിയ കോലാഹലമായ സംഭവമാണ് വനിതാ തഹസില്‍ദാറും മറ്റ് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമില്‍ കയറിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന പരാതി ഉയര്‍ത്തി മധുര ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി സു വെങ്കടേശന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ആദ്യം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ സു വെങ്കടേശന്‍ പിന്നാലെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധുര ജില്ലാ കളക്ടര്‍ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലമാറ്റാന്‍ കോടതി ഉത്തരവിട്ടത്.

മധുര ജില്ലാ കലക്ടര്‍ എസ് നടരാജന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എം ഗുരുചന്ദ്രന്‍, അസി. പൊലീസ് കമ്മീഷണര്‍ മോഹന്‍ദാസ് എന്നിവരാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി സ്ഥലം മാറ്റല്‍ നടപടി നേരിട്ടിരിക്കുന്നത്. വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമില്‍ അനുവാദമില്ലാതെ ആര്‍ക്കും പ്രവേശനമില്ല. മാത്രമല്ല സ്ട്രോംഗ് റൂമില്‍ കയറാന്‍ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. ഇതൊന്നും ചെയ്യാതെ അനധികൃതമായി തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സ്ട്രോംഗ് റൂമില്‍ കയറി എന്ന പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരായ എസ് മണികുമാര്‍, സുബ്രഹ്മണ്യം പ്രസാദ് എന്നിവര്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും നടത്തി.

അനുവാദമില്ലാതെ സ്ട്രോംഗ് റൂമില്‍ കയറിയ തഹസില്‍ദാറടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തഹസില്‍ദാറും സംഘവും സ്ട്രോഗ് റൂമില്‍ മൂന്ന് മണിക്കൂറിലധികം ചിലവഴിച്ചെന്നും ഇത് അന്വേഷിക്കണമെന്നും സിപിഎം പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. മധുര മെഡിക്കല്‍ കോളേജില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലാണ് ഈ മാസം 20 ന് തഹസില്‍ദാറും സംഘവും കയറിയതായി പരാതി ഉയര്‍ന്നത്.

click me!