പിസി ജോര്‍ജ്ജിന്‍റെ പൂഞ്ഞാറിൽ പണി പാളി; തുറന്ന് സമ്മതിച്ച് കെ സുരേന്ദ്രൻ

By Web TeamFirst Published May 24, 2019, 11:37 AM IST
Highlights

പിസി ജോര്‍ജ്ജിന്‍റെ തട്ടകമായ പൂഞ്ഞാറിൽ നിന്നും കാഞ്ഞിരപ്പിള്ളിയിൽ നിന്നും പ്രതീക്ഷിച്ച വോട്ട് കിട്ടാതിരുന്ന സാഹചര്യം വിശദമായി പരിശോധിക്കുമെന്ന് കെ സുരേന്ദ്രൻ.

പത്തനംതിട്ട: എൻഡിഎക്ക് പരസ്യ പിന്തുണയുമായി പിസി ജോര്‍ജജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്ന് കിട്ടിയില്ലെന്ന് തുറന്ന് സമ്മതിച്ച് കെ സുരേന്ദ്രൻ. പത്തനംതിട്ടയിലെ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിൽ അഞ്ചിലും ബിജെപി നില മെച്ചപ്പെടുത്തിയപ്പോൾ പ്രതീക്ഷിച്ചിതിലേറെ തിരിച്ചടി കിട്ടിയത് പിസി ജോര്‍ജ്ജിന്‍റെ തട്ടകമായ പൂഞ്ഞാറിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ്. 

ബിജെപിക്ക് സ്വതവെ സ്വീകാര്യത വിലയിരുത്തുന്ന പ്രദേശങ്ങൾ ഉണ്ടായിട്ടു കൂടി പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. പിസി ജോര്‍ജ്ജ് ഫാക്ടര്‍ ഗുണം ചെയ്തില്ലെന്ന് വിലയിരുത്താനെ പ്രാഥമിക ഘട്ടത്തിൽ തനിക്ക് കഴിയൂ എന്നാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം. 

പത്തനംതിട്ടയിൽ ജയിക്കുമെന്ന് ബിജെപിക്ക് പുറത്ത് നിന്ന് ആദ്യമായി ഒരാൾ പറയുന്നത് പിസി ജോര്‍ജ്ജ് ആയിരുന്നെന്നും കെ സുരേന്ദ്രൻ  ഓര്‍മ്മിച്ചു. എന്നാൽ സ്വാധീനമേഖലയിൽ പോലും വോട്ട് കുറഞ്ഞതിന്‍റെ സാഹചര്യവും കാരണവും പാര്‍ട്ടി ഫോറങ്ങളിൽ വിശദമായി വിലയിരുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

 

 

click me!