രാഹുലിന്‍റെ മിനിമം വരുമാനപദ്ധതിയെ വിമർശിച്ചു; നീതി ആയോഗ് ഉപമേധാവിക്ക് തെര. കമ്മീഷന്‍റെ നോട്ടീസ്

By Web TeamFirst Published Mar 27, 2019, 10:39 AM IST
Highlights

ബ്യൂറോക്രസിയുടെ ഭാഗമാണ് നീതി ആയോഗ് ഉപമേധാവിയായ രാജീവ് കുമാറെന്നും ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നു. 

ദില്ലി: രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതി (ന്യായ്) യെ രൂക്ഷഭാഷയിൽ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ബ്യൂറോക്രസിയുടെ ഭാഗമായ ഉദ്യോഗസ്ഥനായ രാജീവ് കുമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 

തെരഞ്ഞെടുപ്പിൽ ജയിക്കാൻ 'ചന്ദ്രനെ' വരെ വാഗ്ദാനം നൽകുകയാണ് കോൺഗ്രസെന്നായിരുന്നു രാജീവ് കുമാറിന്‍റെ വിമർശനം. രാഹുൽ ഗാന്ധിയുടെ മിനിമം വരുമാനപദ്ധതി സാമ്പത്തിക ശാസ്ത്രത്തിന്‍റെയും സാമ്പത്തിക അച്ചടക്കത്തിന്‍റെയും പരീക്ഷകളിൽ അമ്പേ പരാജയപ്പെടുമെന്നും രാജീവ് കുമാർ പറഞ്ഞിരുന്നു. ഇത്തരമൊരു പദ്ധതി ഒരിക്കലും നടപ്പാകാൻ പോകുന്നില്ലെന്നും രാജീവ് കുമാർ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Fiscal deficit may increase from 3.5% to 6%. https://t.co/IBzDgQjmBe

— Rajiv Kumar 🇮🇳 (@RajivKumar1)

രാജ്യത്തെ 20 ശതമാനം ദരിദ്രകുടുംബങ്ങൾക്ക് വാർഷികവരുമാനമായി 72,000 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രകടനപദ്ധതിയുടെ ഭാഗമായി രാഹുൽ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനപരിധി നിശ്ചയിച്ച് ഈ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി. 12,0000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്  ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസസഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,0000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

പദ്ധതി നടപ്പാക്കുക വഴി ഇന്ത്യയിലെ ഇരുപത് ശതമാനം ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. രാജ്യത്തെ അഞ്ച് ലക്ഷം നിർധന കുടുംബങ്ങളിലെ 25 കോടി ആളുകൾക്ക് പദ്ധതിയുടെ ​ഗുണം ലഭിക്കുമെന്ന് പറഞ്ഞ രാഹുല്‍ താന്‍  പറയുന്നത് വെറും വാക്കല്ലെന്നും വളരെ ഗൗരവകരമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ പദ്ധതി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നതെന്നും വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത് പോലെ ഈ പദ്ധതിയും നടപ്പാക്കാനാകുമെന്നാണ് കോൺഗ്രസിന്‍റെ വാഗ്ദാനം. സാമ്പത്തിക വിദഗ്‍ധരെ ഉൾപ്പെടുത്തി വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു പദ്ധതിയുടെ ബ്ലൂപ്രിന്‍റ് തയ്യാറാക്കിയതെന്ന് കോൺഗ്രസ് പറയുന്നു. ഗരീബി ഹഠാവോ എന്ന ഇന്ദിരാഗാന്ധിയുടെ പദ്ധതിക്ക് സമാനമായ പദ്ധതിയാണ് രാഹുൽ കൊണ്ടു വന്നിരിക്കുന്നത്. 

click me!