വിവിപാറ്റുകള്‍ എണ്ണി; എല്ലാം ഭദ്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Web TeamFirst Published May 25, 2019, 2:43 PM IST
Highlights

വിവിപാറ്റ് എണ്ണിയതിന് ശേഷം വിവിപാറ്റ് എണ്ണവും മീഷെനില്‍ രേഖപ്പെടുത്തിയ വോട്ടും തമ്മില്‍ വ്യത്യാസം ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കേന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. 

ദില്ലി: വിവിപാറ്റ് എണ്ണി തീര്‍ന്നപ്പോള്‍ വോട്ടും വിവിപാറ്റും തമ്മിലുള്ള കണക്ക് കൃത്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 22.3  ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്, 17.3 ലക്ഷം വിവിപാറ്റ് മീഷെനുകളുമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ആകെ 90 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഈ വിവിപാറ്റ് മെഷീനുകളില്‍ നിന്നും എണ്ണിയത് 20,625 വിവിപാറ്റ് സ്ലിപ്പുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എണ്ണിയത്. നേരത്തെ  4,125 സ്ലിപ്പുകളാണ് എണ്ണാന്‍ ഇരുന്നതെങ്കിലും ഇത് പിന്നീട് സുപ്രീംകോടതി നിര്‍ദേശത്താല്‍ ഉയര്‍ത്തുകയായിരുന്നു.

വിവിപാറ്റ് എണ്ണിയതിന് ശേഷം വിവിപാറ്റ് എണ്ണവും മീഷെനില്‍ രേഖപ്പെടുത്തിയ വോട്ടും തമ്മില്‍ വ്യത്യാസം ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കേന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. വിവിപാറ്റും വോട്ടും തമ്മില്‍ ഒരു സ്ഥലത്തും പൊരുത്തക്കേട് ഉണ്ടായില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. 

വിവിപാറ്റ് 2013-14 കാലത്താണ് ആദ്യമായി നടപ്പിലാക്കിയത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വസ്തത സംബന്ധിച്ച് വലിയ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. 100 ശതമാനം വിവിപാറ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എണ്ണണം എന്നായിരുന്നു ഒരു പ്രധാന വാദം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വൈകും എന്നതിനാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിച്ചു.

ഇത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇതില്‍ സുപ്രീംകോടതിയും അനുകൂല തീരുമാനം എടുത്തില്ല. ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി തുടങ്ങിയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി എക്സിറ്റ് പോളുകള്‍ വന്നതിന് പിന്നാലെ ഇവിഎമ്മുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

click me!