
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ മേം ഭീ ചൗക്കീദാർ എന്ന വാചകം ചായക്കപ്പിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ റെയിൽവേയ്ക്കെതിരെ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷൻ റെയിൽവേയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മേം ഭി ചൗക്കിദാർ ( ഞാനും കാവൽക്കാരനാണ്) എന്ന ബിജെപിയുടെ മുദ്രാവാക്യം പതിപ്പിച്ച കപ്പിൽ ചായ നൽകുന്നത് യാത്രക്കാരിലൊരാൾ ട്വീറ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഗ്ലാസിന്‍റെ ചിത്രം വൈറലായതോടെ റെയില്‍വെ അധികൃതര്‍ ഇടപെട്ട് പരസ്യം പതിച്ച ഗ്ലാസ് പിന്‍വലിക്കുകയും കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
റെയിൽവേ ടിക്കറ്റിൽ മോദിയുടെ ചിത്രം പതിപ്പിച്ച സംഭവവും വിവാദമായിരുന്നു. ടിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ചതിനും ട്രെയിനിൽ ചായ നൽകുന്ന കപ്പിൽ ബിജെപിയുടെ ചൗക്കിദാർ മുദ്രാവാക്യം പതിപ്പിച്ചതിനുമാണ് നടപടി. റെയിൽവെ പെരുമാറ്റചട്ടം ലംഘിച്ചെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ടിക്കറ്റിൽ മോദിയുടെ ചിത്രം പതിപ്പിച്ചതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് റെയിൽവേ ഓദ്യോഗികമായി പ്രതികരിച്ചിട്ടില്ല.