മോദി സിനിമയെ കുറിച്ചുള്ള അഭിപ്രായം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

By Web TeamFirst Published Apr 22, 2019, 8:04 AM IST
Highlights

വിലക്ക് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കൾ നൽകിയ ഹര്‍ജി പരിശോധിച്ച സുപ്രീം കോടതി സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സിനിമ കണ്ട ശേഷമുള്ള അഭിപ്രായമാകും ഇന്ന് കമ്മീഷൻ കോടതിയെ അറിയിക്കുക.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമായ 'പി എം നരേന്ദ്ര മോദി' എന്ന സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സിനിമക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കൾ നൽകിയ ഹര്‍ജി പരിശോധിച്ച സുപ്രീം കോടതി സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാൻ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സിനിമ കണ്ട ശേഷമുള്ള അഭിപ്രായമാകും ഇന്ന് കമ്മീഷൻ കോടതിയെ അറിയിക്കുക.

സിനിമ പെരുമാറ്റചട്ട ലംഘനമാകും എന്ന് കമ്മീഷൻ അഭിപ്രായം അറിയിച്ചാൽ അതിൽ കോടതി ഇടപെടാൻ സാധ്യതയില്ല. ചീഫ് ജസ്റ്റിസ് കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുക. സിനിമ രാഷ്ട്രീയപ്രേരിതമാണെന്നും പ്രദർശനം നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ പരാതിയിലാണ് കമ്മീഷൻ നേരത്തേ നടപടിയെടുത്തത്. പി എം മോദി സിനിമയുടെ പരസ്യം പ്രസിദ്ധീകരിച്ച ദൈനിക് ഭാസ്‌കര്‍, ദൈനിക് ജാഗരണ്‍ പത്രങ്ങൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരുന്നു.

click me!