തൃക്കരിപ്പൂരിൽ കള്ളവോട്ട് ചെയ്തയാൾക്കെതിരെ കേസെടുക്കും

By Web TeamFirst Published May 2, 2019, 6:30 PM IST
Highlights

കളക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം ശ്യാംകുമാർ വൈകിട്ട് 6.20നും 7.26 നുമായി രണ്ടുതവണ ബൂത്ത് നമ്പർ 48ൽ വോട്ട് ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തിലെ തൃക്കരിപ്പൂർ 48ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇയാള്‍ കള്ളവോട്ട് ചെയ്തെന്ന് നേരത്തെ കളക്ടര്‍ നല്‍കിയ അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

സംഭവത്തില്‍ കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഏഴുദിവസത്തിനകം തുടർനടപടികൾക്കായി റിപ്പോർട്ട് നൽകാനും കളക്ടറോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ജനപ്രാതിനിധ്യനിയമത്തിലെ 171-ാം വകുപ്പുകള്‍ പ്രകാരം പൊലീസിന് പരാതി നല്‍കി കേസെടുപ്പിക്കാനാണ് നിര്‍ദേശം. 

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തൃക്കരിപ്പൂരിലെ കള്ളവോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചത്. ഇതനുസരിച്ച് കളക്ടർ പോളിംഗ് ഉദ്യോഗസ്ഥർ, അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദൃശ്യങ്ങളിൽ കണ്ടയാൾ ശ്യാംകുമാർ എന്നയാളാണെന്ന് ബൂത്ത് ലെവൽ ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇയാളിൽ നിന്നും പിന്നീട് മൊഴിയെടുത്തു. 

കളക്ടറുടെ റിപ്പോർട്ട് പ്രകാരം ശ്യാംകുമാർ വൈകിട്ട് 6.20നും 7.26 നുമായി രണ്ടുതവണ ബൂത്ത് നമ്പർ 48ൽ വോട്ട് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ഇയാൾ കള്ളവോട്ട് ചെയ്തതായി പ്രഥമദൃഷ്ട്യാ നിഗമനത്തിൽ എത്താമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബൂത്തിലെ തിരക്ക് കാരണം വോട്ടിംഗ് വേഗത്തിലാകാൻ അധികമായി നിയോഗിച്ചിരുന്ന ഫസ്റ്റ് പോളിംഗ് ഓഫീസറുടെ മുന്നിലാണ് ശ്യാംകുമാർ രണ്ടുതവണയും മണി പുരട്ടിയത്. എല്ലാസമയത്തും നാലോ അഞ്ചോ പോളിംഗ് ഏജൻറുമാർ ഈ പോളിംഗ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നെങ്കിലും ആരും ഈ സംഭവം എതിർത്തില്ലെന്നും കളക്ടറുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 
 

click me!