തരൂരിന്‍റെ സത്യവാങ്മൂലത്തില്‍ പേരുപോലും തെറ്റ്; 'എക്സാസ്പരേറ്റിങ് ഫരാഗോ' ഓര്‍മിപ്പിച്ച് മാധ്യമങ്ങള്‍

By Web TeamFirst Published Apr 19, 2019, 10:18 AM IST
Highlights

ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശശി തരൂര്‍ എന്ന പേര് 'ശഹി തരൂര്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് എംപിയും തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍. ട്വിറ്ററില്‍ തരൂര്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ കുഴപ്പിക്കാറുണ്ട്. ഇംഗ്ലീഷില്‍ അഗ്രഗണ്യനായ തരൂരിന് പിണ‍ഞ്ഞ അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തരൂര്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വന്തം പേരുപോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങള്‍ നടത്തിയെന്നാരോപിച്ച് അര്‍ണാബ് ഗോസ്വാമിക്കെതിരെ തരൂര്‍ തന്നെ ഉപയോഗിച്ച വാക്കാണ് 'എക്സാസ്പരേറ്റിങ് ഫരാഗോ'. ശല്യം ചെയ്യുന്ന അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന എന്ന അര്‍ത്ഥമാണ് 'എക്സാസ്പരേറ്റിങ്ങി'ന് ഉള്ളത്.  'ഫരാഗോ'യുടെ അര്‍ത്ഥം സമ്മിശ്ര പദാര്‍ത്ഥമെന്നാണ്. തെറ്റിദ്ധാരണാ ജനകമായ പദങ്ങള്‍ ഉപയോഗിച്ചതിന് അര്‍ണബിനെ ട്രോളിയ തരൂരിനാണ് ഇപ്പോള്‍ അമളി പറ്റിയിരിക്കുന്നത്.  

മൂന്ന് നാമനിര്‍ദ്ദേശ പത്രികകളാണ് തരൂര്‍ സമര്‍പ്പിച്ചത്. ഓരോന്നിന്‍റെയും കൂടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശശി തരൂര്‍ എന്ന പേര് 'ശഹി തരൂര്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു സത്യവാങ്മൂലത്തില്‍ പാര്‍ട്ടിയുടെ പേര്  'ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ്' എന്നാണ്. തരൂര്‍ താമസിക്കുന്ന തിരുവനന്തപുരത്തെ വഴുതക്കാട്, 'വഴുത്ക്കാട്' ആയപ്പോള്‍ അദ്ദേഹത്തിന്‍റെ കൊണ്ടൂര്‍ മാരി ഗോള്‍ഡ് അപ്പാര്‍ട്ട്മെന്‍റ് 'മേരി ഗോള്‍ഡ്' ആയി. ഡോക്ടറേറ്റ് നേടിയ യൂണിവേഴ്സിറ്റിയുടെ സ്പെല്ലിംഗും സത്യവാങ്മൂലത്തില്‍ തെറ്റായാണ് കൊടുത്തിരിക്കുന്നത്. 

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും നിയമജ്ഞരും ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ സംഘമാണ് തരൂരിന്‍റെ സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. പാര്‍ട്ടി നിയമിച്ച സംഘം തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ ഒപ്പ് രേഖപ്പെടുത്തുക മാത്രമാണ് സ്ഥാനാര്‍ത്ഥി ചെയ്തിട്ടുള്ളതെന്നും തിരക്കിനിടയില്‍ എല്ലാ പേജുകളും ശ്രദ്ധിക്കാന്‍ തരൂരിന് സാധിച്ചിട്ടില്ലെന്നുമാണ് ഓഫീസ് നല്‍കുന്ന വിശദീകരണം. 

വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ സൂക്ഷ്മപരിശോധനയിലേക്കും നിയമ നടപടികളിലേക്കും കടക്കുകയുള്ളെന്നും അക്ഷരത്തെറ്റുകള്‍ പരിഗണിക്കാറില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയിച്ചു. 

click me!