ആദ്യഫലസൂചനകൾ എൻഡിഎക്കൊപ്പം: രാജസ്ഥാനിലും മഹാരാഷ്ട്രയിലും വൻ മുന്നേറ്റം

By Web TeamFirst Published May 23, 2019, 8:29 AM IST
Highlights

എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ എൻഡിഎക്ക് വൻ മുന്നേറ്റമാണ്. ആദ്യം സർവീസ് വോട്ടുകളാണ് എണ്ണിയത്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും നല്ല മുന്നേറ്റം. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ വരുമ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഡിഎക്ക് നല്ല മുന്നേറ്റം. യുപിഎയുടെ ഇരട്ടിയിലധികം സീറ്റുകളിലാണ് എൻഡിഎ ഇപ്പോൾ ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. 18 ലക്ഷം സർവീസ് വോട്ടർമാരിൽ പതിനാറര ലക്ഷം പോസ്റ്റൽ വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്.

മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എൻഡിഎയ്ക്ക് നേടാനാകുന്നത്. രാജസ്ഥാനിൽ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത കോൺഗ്രസിന് തിരിച്ചടിയാണ് ആദ്യഫല സൂചനകൾ. എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി ശിവസേനയുമായി കൈ കോർത്ത മഹാരാഷ്ട്രയിൽ എൻഡിഎക്ക് തന്നെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നേരത്തേ എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നതാണ്. അത് തന്നെയാണ് സംഭവിക്കുന്നതും. 

നിർണായകമായ ഉത്തർപ്രദേശിൽ ആദ്യഫലസൂചനകളിൽ മുന്നിൽ ബിജെപിയാണ്. വൻലീഡാണ് യുപിയിൽ ആദ്യഘട്ടത്തിൽ ബിജെപിക്ക്. കഴിഞ്ഞ തവണ യുപി തൂത്തുവാരിയ ബിജെപിക്ക് മഹാസഖ്യം വലിയ തിരിച്ചടി നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പശ്ചിമബംഗാളിലും എൻഡിഎ മുന്നിൽ നിൽക്കുന്നു. രാജ്യമെമ്പാടും രണ്ടാം നിരയിലെ കോൺഗ്രസ് നേതാക്കൾ പിന്നിൽപ്പോകുന്നു എന്ന സൂചനകളാണ് വരുന്നത്. സർക്കാർ ആടിയുലഞ്ഞ് നിൽക്കുന്ന കർണാടകയിൽ ഗുൽബർഗയിൽ മല്ലികാർജുൻ ഖാർഗെ പിന്നിലാണ്. ചിക്ബല്ലാപൂരിൽ വീരപ്പ മൊയ്‍ലിയും പിന്നിൽപ്പോയി. 

അതേസമയം, ഛത്തീസ്ഗഢിലും തമിഴ്‍നാട്ടിലും കോൺഗ്രസിന് ആശ്വസിക്കാം. യുപിഎ സഖ്യമാണ് ഈ രണ്ടിടത്തും മുന്നിൽ നിൽക്കുന്നത്. 

For Live Updates - Watch:

click me!