
ബിഷ്ണുപൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടം പോളിംഗിനിടെ ഫോനി ചുഴലിക്കാറ്റിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ വാക്പോര്. ഫോനി ചുഴലിക്കാറ്റ് വീശുന്നതിന് മുമ്പേ ബംഗാളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിളിച്ചെങ്കിലും ഫോണെടുക്കാൻ പോലും തയ്യാറായില്ലെന്ന് മോദി തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. എന്നാൽ 'എക്സ്പയറി പിഎം' (കാലാവധി കഴിഞ്ഞ പ്രധാനമന്ത്രി)യുമായി വേദി പങ്കിടാൻ തനിക്ക് താൽപ്പര്യമില്ലെന്നായിരുന്നു ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ മമത തിരിച്ചടിച്ചത്.
നേരത്തേ ഫോനി ചുഴലിക്കാറ്റിന് മുമ്പേ മമതാ ബാനർജിയെ വിളിക്കാതെ ഗവർണർ കേസരി നാഥ് ത്രിപാഠിയെയാണ് സാഹചര്യങ്ങൾ വിലയിരുത്താൻ വിളിച്ചതെന്ന വിവാദം കനത്തതിനിടെയാണ് ഇരുവരും തമ്മിലുള്ള പുതിയ വാക്പോര്.
പശ്ചിമബംഗാളിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ. ബംഗാളിലെ തംലൂകിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് മമതാ ബാനർജിയെ ഫോനി ആഞ്ഞടിക്കുന്നതിന് മുമ്പ് താൻ വിളിച്ചെന്ന് മോദി പറഞ്ഞത്. ബംഗാളിലെ ജനങ്ങളെക്കുറിച്ച് ആശങ്ക തോന്നിയതിനാലാണ് സാഹചര്യങ്ങൾ വിലയിരുത്താൻ താൻ വിളിച്ചത്. എന്നാൽ ഫോണെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, വിളിച്ച കോളുകൾക്കൊന്നും മറുപടി നൽകാൻ പോലും മമതാ ബാനർജി തയ്യാറായില്ലെന്ന് മോദി പറഞ്ഞു.
''ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്പ് മമതാ ദീദിയോട് സംസാരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ, ധാർഷ്ട്യത്തോടെ എന്നോട് സംസാരിക്കാൻ പോലും മമത തയ്യാറായില്ല'', മോദി പറഞ്ഞു. ഫോനി ചുഴലിക്കാറ്റിന് ശേഷം ദുരന്ത ബാധിത പ്രദേശങ്ങളിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‍നായികിനൊപ്പം മോദി ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിയിരുന്നു.
എന്നാൽ ഇതിന് ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടിയാണ് മമതാ ബാനർജി നൽകിയത്. മോദി വിളിച്ചപ്പോൾ ഫോനി ആഞ്ഞടിച്ച ഖരഗ് പൂരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നുവെന്ന് മമത. ആ സമയത്ത് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റാലികൾ നടത്തി കറങ്ങി നടക്കുകയായിരുന്നു. മാത്രമല്ല, തനിക്ക് ഈ 'എക്സ്പയറി പിഎമ്മു'മായി സഹകരിക്കാനോ വേദി പങ്കിടാോ സമയമുണ്ടായിരുന്നില്ല, താത്പര്യവുമുണ്ടായിരുന്നില്ല - മമത പറഞ്ഞു. മോദി ഇനി അധികാരത്തിൽ വരില്ലെന്നും പ്രധാനമന്ത്രി പദത്തിന്‍റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞെന്നുമുള്ള പരിഹാസമായിരുന്നു മമതയുടേത്.