കള്ളവോട്ട്: ചെറുതാഴം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കില്ല, മീണയുടെ ശുപാർശ തള്ളി

By Web TeamFirst Published May 6, 2019, 5:07 PM IST
Highlights

പിലാത്തറയിൽ കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തള്ളിയിരിക്കുന്നത്. 

തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ചെറുതാഴം പ‍ഞ്ചായത്തംഗം എം പി സലീനയെ അയോഗ്യയാക്കില്ല. പദവിയിൽ നിന്ന് അയോഗ്യയാക്കണമെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നൽകിയ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇത്തരമൊരു ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന കണ്ടെത്തലോടെയാണ് ടിക്കാറാം മീണയുടെ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.

സലീന ഓപ്പൺ വോട്ട് ചെയ്തതാണെന്ന് വാദമുയർത്തിയെങ്കിലും ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തത്. എന്നാൽ കോടതി ശിക്ഷിക്കാതെ അയോഗ്യയാക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. ടിക്കാറാം മീണയ്ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

മീണയുടെ മറുപടി

അതേസമയം, താൻ പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി. 'അയോഗ്യത' എന്ന വാക്ക് തന്‍റെ ശുപാർശയിലില്ല. ഉചിതമായ നടപടി എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും കള്ളവോട്ട് സംഭവം ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും മീണ വ്യക്തമാക്കി. ഇതിൽ വിവാദത്തിന്‍റെ കാര്യമില്ലെന്നും അന്തിമതീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് തന്നെയാണെന്നും മീണ വ്യക്തമാക്കി. 

പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ സ്ഥിരീകരിച്ചു. 

പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ത്ഥ ബൂത്തിൽ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. രേഖകളെല്ലാം സ്ട്രോംഗ് റൂമിലാണെന്നും അത് പരിശോധിച്ചാൽ മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു. 

വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്‍റെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം. 

click me!