കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു

By Web TeamFirst Published Apr 19, 2019, 2:38 PM IST
Highlights

തന്നെ അപമാനിച്ചവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചതെന്ന് പ്രിയങ്ക ചതൂർവേദി പത്രസമ്മേളനത്തിലും ആവർത്തിച്ചു.

മുംബൈ: കോൺഗ്രസ്  വിട്ട മുതിർന്ന നേതാവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. സ്ത്രീകളെയും യുവാക്കളെയും പിന്തുണക്കുന്ന പാർട്ടിയാണ് ശിവസേനയെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നത്. 

തന്നെ അപമാനിച്ചവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചതെന്ന് പ്രിയങ്ക ചതൂർവേദി പത്രസമ്മേളനത്തിലും ആവർത്തിച്ചു. അതേസമയം കോൺഗ്രസ് സീറ്റ് നിഷേധിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന ആരോപണങ്ങൾ പ്രിയങ്ക തള്ളി.

കഴിഞ്ഞ ആഴ്ച മധുരയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ കോൺഗ്രസ് പാർട്ടിയിലെ ചില പ്രവർത്തകർ തന്നേട് മോശമായി പെരുമാറി എന്ന് പ്രിയങ്ക ചതുർവേദി പരാതിപ്പെട്ടിരുന്നു. പ്രിയങ്കയുടെ പരാതിയെ തുടർന്ന് ആരോപണ വിധേയരായവരെ പാർട്ടി പുറത്താക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം എല്ലാവരെയും തിരിച്ചെടുക്കാൻ പാർട്ടി തീരുമാനിച്ചു.

പാർട്ടി ചുമതലയുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെ തുടർന്നായിരുന്നു പുറത്താക്കിയ പ്രവർത്തകരെ തിരിച്ചെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പ്രവർത്തകരെ കൂട്ടത്തോടെ പുറത്താക്കാൻ കഴിയില്ലെന്നായിരുന്നു പാർട്ടി നിലപാട്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്നാണ് പ്രിയങ്ക ച‍തുർവേദി വ്യക്തമാക്കിയിരുന്നു.

പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിൻെറയും രക്തത്തിൻെറയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു‌ഃഖമുണ്ടെന്ന്​ പ്രിയങ്ക ഇന്നലെ ട്വീറ്റ്​ ചെയ്​തിരുന്നു.    തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ ദേശീയ മുഖമായ പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്.

കോൺഗ്രസിന്‍റെ ദേശീയ മുഖമായ വക്താക്കളിൽ രണ്ടാമത്തെ ആളൊണ് ഇപ്പോൾ എതിർ ചേരിയിൽ ചേർന്നിരിക്കുന്നത്. നേരെത്തെ മറ്റൊരു കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നിരുന്നു.

click me!