ഹരിയാനയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ബിജെപിയും; ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് നിര്‍ണായകം

By Web TeamFirst Published Oct 24, 2019, 6:09 PM IST
Highlights

കേവല ഭൂരിപക്ഷമായ 46 സീറ്റുകളിലേക്ക് എത്തില്ലെന്ന് ഉറപ്പായതോടെ  ജെജെപിയെ ഒപ്പംകൂട്ടി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ബിജെപിയും രംഗത്തെത്തി. 

ചണ്ഡീഗഡ്: ഹരിയാനയിൽ നിയമസഭാതെരഞ്ഞെടുപ്പില്‍ കണക്കുകള്‍ വീണ്ടും മാറിമറിയുന്നു. വോട്ടെടുപ്പിന്‍റെ തുടക്കത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതിരുന്ന ബിജെപി ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് നാല്‍പ്പത് സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. എങ്കിലും കേവല ഭൂരിപക്ഷമായ 46 ലേക്ക്  എത്താന്‍ സാധ്യത കുറവായതിനാല്‍  ജെജെപിയെ ഒപ്പംകൂട്ടി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ബിജെപിയും രംഗത്തെത്തി.  

ഹരിയാനയിൽ അടിപതറി ബിജെപി, എല്ലാ കണ്ണും ദുഷ്യന്ത് ചൗട്ടാലയിലേക്ക്

ഇനി ജനനായക് ജനതാ പാർട്ടിയുടെ നിലപാടാവും നിര്‍ണായകമാകുക. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താനും വ്യക്തത വരുത്താനും ബിജെപി പ്രകാശ്സിംഗ് ബാദലിൻറെ സഹായം തേടിയതായാണ് പുതിയ വിവരം. ബാദൽ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. 

ഹരിയാനയിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്: കർണാടക മോ‍ഡൽ സർക്കാരിന് സാധ്യത

അതിനിടെ ഇതേ ശ്രമവുമായി കോണ്‍ഗ്രസും മുന്നോട്ടുപോകുകയാണ്. ജനനായക് ജനതാ പാർട്ടിയെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്‍റേയും ശ്രമം. കര്‍ണാടക മോഡലില്‍ ജെജെപി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി സ്ഥാനം നൽകി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 

ദേവിലാൽ കുടുംബത്തിലെ യഥാർത്ഥ പിന്തുടർച്ചവകാശി എന്ന വാദവുമായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ജനനായക് ജനതാ പാർട്ടിയുടെ വരവ്. കന്നി അംഗത്തിൽ തന്നെ ഹരിയാനക്കാരുടെ മനസിൽ ആ തോന്നൽ ഉണ്ടാക്കാൻ ജെജെപിക്ക് കഴിയുകയും ചെയ്തു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെയും പിന്നിലാക്കിയ പ്രചാരണമാണ് ദുഷ്യന്ത് ചൗട്ടാലക്കായി ജനനായക് ജനതാ പാർട്ടി ഹരിയാനയിൽ കാഴ്ച വച്ചത്.

 ബിജെപി അധികം ഉന്നം വയ്ക്കാത്ത ജാട്ട് വോട്ടുകളിൽ ആയിരുന്നു പ്രധാന നോട്ടം. കോൺഗ്രസിലെ തമ്മിലടി ഭൂപീന്ദർ സിംഗ് ഹൂഡയിൽ നിന്ന് ജാട്ടുകളെ ജെജെപിയിലേക്ക് എത്തിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു കാടിളക്കിയുള്ള പ്രചാരണങ്ങൾ. ഇന്ത്യൻ നാഷണൽ ലോക്ദളിൽ നിന്ന് പിരിഞ്ഞ ശേഷം രൂപീകരിച്ച ദുഷ്യന്ത് ചൗ‍ട്ടാലയുടെ  പ്രചാരണങ്ങൾ പുതുമുഖം എന്ന തോന്നലിലേ ആയിരുന്നില്ല. ഇതോടെ ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ ജെജെപി എന്ന രാഷ്ട്രീയ പാർട്ടി നിർണായക ശക്തി ആകുകയാണ്. 

എന്തായാലും ജെജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് സർക്കാ‍ർ രൂപീകരിച്ചാൽ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്കത് കനത്ത തിരിച്ചടിയാകും. ഇനിയതല്ല ബിജെപിയ്ക്കൊപ്പമാണ് ജെജെപി നില്‍ക്കുകയെങ്കില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിക്കും.ഏതായാലും നിര്‍ണായകമാകുക ദുഷ്യന്ത് ചൗട്ടാലയും ജെജെപിയുമാകുമെന്ന് തീര്‍ച്ച. 

click me!