Asianet News MalayalamAsianet News Malayalam

ഹരിയാനയിൽ അടിപതറി ബിജെപി, എല്ലാ കണ്ണും ദുഷ്യന്ത് ചൗട്ടാലയിലേക്ക്

കേവല ഭൂരിപക്ഷത്തിലെത്താൻ കഴിയാഞ്ഞതോടെ അടിപതറി ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ രാജി വച്ചു. ഹരിയാനയിൽ സർക്കാർ രൂപീകരണനീക്കങ്ങൾ സജീവം. ദുഷ്യന്ത് ചൗട്ടാലയെ ഏത് വിധേനയും കൂടെ നി‍ർത്താൻ കോൺഗ്രസ്

Government formation moves are active in Haryana and all eyes are on Dushyant Chautala
Author
Haryana, First Published Oct 24, 2019, 1:20 PM IST

ഹരിയാനാ നിയമസഭാ തെരഞ്ഞെടുപ്പിൽ കാലിടറി ഭരണകക്ഷിയായ ബിജെപി. 48 സീറ്റുകൾ സ്വന്തമായുണ്ടായിരുന്ന നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ നേടാൻ പോലും ഇക്കുറി ബിജെപിക്കായില്ല. ഭരണത്തുടർച്ച സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ സുഭാഷ് ബരാല രാജി വച്ചു. കേവല ഭൂരിപക്ഷം നേടാൻ ഭരണകക്ഷിയായ എൻഡിഎക്കും പ്രതിപക്ഷമായ കോൺഗ്രസിനും കഴിയാത്ത സാഹചര്യത്തിൽ  ഇരുവിഭാഗവും സർക്കാർ രൂപീകരണനീക്കങ്ങൾ സജീവമാക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ 35 , 35 എന്നിങ്ങനെയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ലീഡ് നില.

മുഖ്യമന്ത്രി പദം തനിക്ക് നൽകുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് ജനനായക് ജനതാ പാർട്ടി പ്രഖ്യാപിച്ചതോടെ  എല്ലാ കണ്ണുകളും സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലയിലേക്ക് ആയി. ജനനായക് ജനതാ പാർട്ടിയുടെ പിന്തുണ തേടി കർണാടക മോ‍ഡൽ നീക്കം ഇതിനകം കോൺഗ്രസ് സജീവമാക്കി. ജെജെപി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനവും ചെയ്തിട്ടുണ്ട്.  ജയിച്ച എംഎൽമാരെ കോൺഗ്രസ് നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. മറുവശത്ത് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. സ‍ർക്കാ‍ർ രൂപീകരണ സാധ്യതകൾ തേടിയാണ് കൂടിക്കാഴ്ച ക്ഷണമെന്നാണ് സൂചന. 

കർണാടകത്തിലെ സർക്കാർ രൂപീകരണ സമയത്ത് ഉണ്ടായ പിഴവ് ഹരിയാനയിൽ ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തിലാണ് ഇക്കുറി കോൺഗ്രസ്. അതു കൊണ്ട് തന്നെ വിലപേശി തുടങ്ങിയ ദുഷ്യന്ത് ചൗട്ടാലയെ ഏത് വിധേനയും കൂടെ നി‍ർത്താൻ തന്നെയാകും കോൺഗ്രസ് ശ്രമം. കോൺഗ്രസ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂ‍ഡ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകുമെന്ന പ്രസ്താവന നടത്തിയിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ സത്യമാകുന്ന കാഴ്ച തന്നെയാണ് ഹരിയാനയിൽ ഉണ്ടായത്. 

അതേ സമയം മനോഹർ ലാൽ ഖട്ടാറിനോട് ബിജെപി നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണയത്തിൽ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ച അമിത് ഷാ മനോഹർ ലാൽ ഖട്ടാറിനെ ദില്ലിയ്ക്ക് വിളിപ്പിച്ചു. 

 

90  അംഗ നിയമ സഭയിൽ 48  സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് നിലവിൽ 46  എന്ന കേവല ഭൂരിപക്ഷത്തിന് സമീപം എത്താൻ കഴിയാതിരുന്നതോടെയാണ് ജെജെപിയെ ഒപ്പം നിർത്തിയുള്ള രാഷ്ട്രീയകളിക്ക് കോൺഗ്രസ് മുതിർന്നത്. ഇക്കുറി ഹരിയാനയിൽ സ്ഥാനമുറപ്പിക്കാൻ ഉറച്ചു തന്നെ മത്സരരംഗത്തിറങ്ങിയ ദുഷ്യന്ത് ചൗട്ടാല തെരഞ്ഞെടുപ്പിലെ കിംഗ് മേക്കറാകുന്ന കാഴ്ചയ്ക്കാണ് ഇതോടെ ഹരിയാന വേദിയാകുന്നത്. ജെജെപിയെ ഒപ്പം നിർത്തിയെങ്കിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കിയപ്പോൾ വില പേശലിന് തന്നെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ നീക്കം. 

ദേവിലാൽ കുടുംബത്തിലെ യഥാർത്ഥ പിന്തുടർച്ചവകാശി എന്ന വാദവുമായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ജനനായക് ജനതാ പാർട്ടിയുടെ വരവ്. കന്നി അംഗത്തിൽ തന്നെ ഹരിയാനക്കാരുടെ മനസിൽ ആ തോന്നൽ ഉണ്ടാക്കാൻ ജെജെപിക്ക് കഴിയുകയും ചെയ്തു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെയും പിന്നിലാക്കിയ പ്രചാരണമാണ് ദുഷ്യന്ത് ചൗട്ടാലക്കായി ജനനായക് ജനതാ പാർട്ടി ഹരിയാനയിൽ കാഴ്ച വച്ചത്.

ബിജെപി അധികം ഉന്നം വയ്ക്കാത്ത ജാട്ട് വോട്ടുകളിൽ ആയിരുന്നു പ്രധാന നോട്ടം. കോൺഗ്രസിലെ തമ്മിലടി ഭൂപീന്ദർ സിംഗ് ഹൂഡയിൽ നിന്ന് ജാട്ടുകളെ ജെജെപിയിലേക്ക് എത്തിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു കാടിളക്കിയുള്ള പ്രചാരണങ്ങൾ. ഇന്ത്യൻ നാഷണൽ ലോക്ദളിൽ നിന്ന് പിരിഞ്ഞ ശേഷം രൂപീകരിച്ച ദുഷ്യന്ത് ചൗ‍ട്ടാലയുടെ  പ്രചാരണങ്ങൾ പുതുമുഖം എന്ന തോന്നലിലേ ആയിരുന്നില്ല. ഇതോടെ ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ ജെജെപി എന്ന രാഷ്ട്രീയ പാർട്ടി നിർണായക ശക്തി ആകുകയാണ്. 

എന്തായാലും ജെജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് സർക്കാ‍ർ രൂപീകരിച്ചാൽ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്കത് കനത്ത തിരിച്ചടിയാകും. ലോക്സഭയിൽ പത്തിൽ പത്ത് സീറ്റും നേടിയ ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ സ്വീകാര്യത വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. സംസ്ഥാനത്തെ നിർണായക ശക്തിയായ ജാട്ടുകളെ അല്ല, മറിച്ച് ജാട്ടിതര വോട്ടുകൾ ലക്ഷ്യം വച്ചായിരുന്നു പ്രചാരണങ്ങൾ. ആദ്യവസാനം പ്രചാരണത്തിൽ മുൻതൂക്കം നേടാൻ ബിജെപിയ്ക്ക് കഴിയുകയും ചെയ്തു. 

സാമുദായങ്ങൾക്കെല്ലാം തുല്യനീതി ഉറപ്പു വരുത്തിയെന്നതുൾപ്പെടെയുള്ള മുഖ്യമന്ത്രിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞ പ്രചാരണം പക്ഷെ ഫലം കണ്ടില്ല. സംസ്ഥാനത്തിന്റെ പകുതിയോളം വരുന്ന ജാട്ട്, മുസ്ലിം, ദളിത് വിഭാഗങ്ങൾ ബിജെപിയെ കൈവിട്ടുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.  2016  ലെ ജാട്ട് സമുദായത്തിന്റെ സംവരണപ്രക്ഷോഭത്തോടുള്ള ബിജെപി സർക്കാരിന്റെ തണുപ്പൻ പ്രതികരണവും ഗുർ മീത് റാം സിംഗിന്റെ അറസ്റ്റിനെ തുടർന്ന് ദളിത് സമുദായത്തിനിടയിൽ ഉയർന്ന സർക്കാർ വിരുദ്ധ വികാരവും ബിജെപിക്ക് തിരിച്ചടി സമ്മാനിച്ചുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. എഴുപത്തിയഞ്ചിലധികം സീറ്റുകൾ ബിജെപി നേടുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്നത്.

 

Follow Us:
Download App:
  • android
  • ios