
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ ഡിജിപി ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ല. രാജി സർക്കാർ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ജേക്കബ് തോമസിന് പകരം മറ്റ് ആരെയും സ്ഥാനാർത്ഥിയാക്കില്ലെന്ന് എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി20 വൃത്തങ്ങള്‍ അറിയിച്ചു.
ചാലക്കുടിയിൽ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സർവ്വീസിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സ്വയം വിരമിക്കലിന്‍റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ ഏപ്രിൽ നാലിന് മുമ്പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് പിന്മാറ്റം.