രാഹുല്‍ ഇന്ത്യന്‍ പൗരനല്ലെന്ന ബിജെപി ആരോപണം പരാജയത്തിന്‍റെ അങ്കലാപ്പില്‍ നിന്ന്: കെ സി വേണുഗോപാല്‍

By Web TeamFirst Published Apr 21, 2019, 8:28 PM IST
Highlights

രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നത് ഇത് ആദ്യമായല്ല. നാലാം തവണയാണ് അദ്ദേഹം മത്സരിക്കുന്നത്. രാഹുല്‍ ഇന്ത്യന്‍ പൗരനല്ലാ എന്ന വാദത്തിനൊക്കെ എന്ത് മറുപടി പറയാനാണെന്നും കെ സി വേണുഗോപാല്‍ പറ‌ഞ്ഞു

തിരുവനന്തപുരം: രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണം  പരാജയത്തിന്‍റെ അങ്കലാപ്പില്‍ നിന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നത് ഇത് ആദ്യമായല്ല. നാലാം തവണയാണ് അദ്ദേഹം മത്സരിക്കുന്നത്. രാഹുല്‍ ഇന്ത്യന്‍ പൗരനല്ലാ എന്ന വാദത്തിനൊക്കെ എന്ത് മറുപടി പറയാനാണെന്നും കെ സി വേണുഗോപാല്‍ പറ‌ഞ്ഞു. 

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന അവസ്ഥയാണ് ബിജെപിയുടേത്. തെരഞ്ഞെടുപ്പില്‍ എല്ലാ വഴിയും നോക്കി പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി സുബ്രഹ്മണ്യം സ്വാമി ഉന്നയിക്കുന്ന ആരോപണമാണ് ഇതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പ്രിയങ്ക ഗാന്ധിയും രാഹുലും പങ്കെടുത്ത പ്രചാരണ പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. യുഡിഎഫ് കേരളം തൂത്തുവാരുമെന്നും കെ സി പറഞ്ഞു. 

Read Also : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഭരണഘടനാ ലംഘനമെന്ന് ബിജെപി

ശബരിമല ബിജെപിക്ക് വോട്ട് പിടിക്കാനുള്ള ആയുധമാണ്. അതിന്‍റെ വേറൊരു വശമാണ് ഇടതുമുന്നണി. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നതിന്‍റെ തെളിവ് ഇപ്പോഴാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. എന്നാല്‍ അത് ഇപ്പോഴാണോ പുറത്തു വിടേണ്ടിയിരുന്നത്. മാധ്യമങ്ങളടക്കം എത്ര തവണ ചോദിച്ചു. എന്നിട്ടും അദ്ദേഹം ആ തെളിവ് പുറത്തു വിട്ടില്ല. അതുകൊണ്ടുതന്നെ ബിജെപിയും സിപിഎമ്മും തമ്മില്‍ കൃത്യമായ ധാരണയുണ്ടെന്നും കെ സി ആരോപിച്ചു. 

ഒരു ഭാഗത്ത് ബിജെപി അക്രമം നടത്തുമ്പോള്‍ മറുവശത്ത് സിപിഎം ആക്ടിവിസ്റ്റുകളെ കയറ്റി വിടുകയാണ്. ശബരിമലയില്‍ നാമം ജപിച്ചവരെ ജയിലില്‍ അടച്ചുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ജയിലില്‍ പോകാനുള്ള വഴി വച്ചത് കേന്ദ്രമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒത്തുകളിയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി


 

click me!