'ശബരിമല പ്രചാരണ വിഷയം ആക്കരുതെന്ന് പറയാൻ എന്ത് അധികാരം?' തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി

By Web TeamFirst Published Mar 11, 2019, 5:32 PM IST
Highlights

ശബരിമല പ്രചാരണ വിഷയം ആക്കരുതെന്ന് പറയാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കെ സുരേന്ദ്രൻ. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചർച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ.  

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബി ജെ പി. ശബരിമല പ്രചാരണ വിഷയം ആക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വിമര്‍ശിച്ചു. ശബരിമലയിൽ സർക്കാർ എടുത്ത നിലപാടുകൾ തെരഞ്ഞെടുപ്പില്‍ ചർച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശബരിമല പോലെ സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമാക്കുന്നത് ചട്ടലംഘനമാണ് എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. ശബരിമലയിലെ യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരെ നടക്കുന്ന പ്രചരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു. ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചരണവിഷയമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണ്.

മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് പ്രചരണം നടത്തിയതായി കണ്ടെത്തിയാല്‍ അത്തരക്കാരെ അയോഗ്യരാക്കി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിക്കുന്നത്. സാമുദായിക ദ്രുവീകരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ശബരിമല അടക്കമുളള വിഷയങ്ങളിലെ ചര്‍ച്ച വഴിമാറാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുഷ്മമായി നീരിക്ഷിക്കും. 

കഴിഞ്ഞ സെപ്റ്റംബര്‍ 25-ലെ സുപ്രീം കോടതി ഉത്തരനവനുസരിച്ച് സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരസ്യപ്പെടുത്തണം. കേസുകളുടെ എണ്ണം, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, വകുപ്പ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി മാധ്യമങ്ങളില്‍ മൂന്ന് വട്ടം പരസ്യം നല്‍കണമെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ നിര്‍ദേശിച്ചിരുന്നു.

click me!