
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയും പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. മോദി വീണ്ടും അധികാരത്തിലെത്താൻ പോകുന്നുവെന്ന വാർത്തയെ വളരെ സന്തോഷത്തോടെയാണ് കങ്കണയും കുടുംബവും വരവേറ്റത്.
തന്റെ കൈകൊണ്ടുണ്ടാക്കിയ പക്കോഡയും ചായയും വിതരണം ചെയ്താണ് കങ്കണ, മോദിയുടെ വിജയം ആഘോഷിച്ചത്. കങ്കണ പലഹാരങ്ങൾ ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങൾ അവരുടെ സഹോദരി രംഗോലി ചന്ദൽ ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. 'വളരെ അപൂർവമായി മാത്രമേ കങ്കണ പാചകം ചെയ്യാറുള്ളു. അതും അത്യന്തം സന്തോഷമുള്ളപ്പോൾ മാത്രം', എന്ന അടിക്കുറിപ്പോടെയാണ് രംഗോലി ചിത്രങ്ങൾ പങ്കുവച്ചത്.
മോദിയുടെ വിജയത്തിൽ തന്റെ സന്തോഷവും മറച്ച് പിടിക്കാതെ കങ്കണയും ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 'ശക്തമായ ആശയങ്ങളും കാഴ്ചപ്പാടും മുറുകെപ്പിടിച്ചാണ് മോദിജി നിലകൊള്ളുന്നത്. ഭാവി സാധ്യതകളും മഹത്ത്വവും സമന്വയിപ്പിക്കുന്നതിന് ഇന്ത്യയെപോലുള്ളൊരു രാജ്യത്തിന് ഇത് ആവശ്യമാണ്. ഇന്ന് നമ്മൾ നിൽക്കുന്നിടത്ത് മഹത്തായൊരു നാളെയെ സ്വപ്നം കാണാൻപോലും ധീരത ആവശ്യമാണ്. രാജ്യം മോദിജിക്കൊപ്പമാണ്. അതിനെക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ഞാൻ ചന്ദ്രനും മുകളിലാണിപ്പോൾ', കങ്കണ കുറിച്ചു. കങ്കണ പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഇതിനോടകം തന്നെ വൈറലാണ്.