
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചു.
പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ത്ഥ ബൂത്തിൽ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. രേഖകളെല്ലാം സ്ട്രോംഗ് റൂമിലാണെന്നും അത് പരിശോധിച്ചാൽ മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.
കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എംപി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകി. എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു.
വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്‍റെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം.
കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് ആരോപണം ദൃശ്യങ്ങൾ സഹിതമാണ് കോൺഗ്രസ് പുറത്ത് വിട്ടത്. ചെയ്തത് ഓപ്പൺ വോട്ടാണെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം പ്രതികരിക്കുകയും ചെയ്തിരുന്നു. കള്ളവോട്ട് ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
കണ്ണൂരും കാസര്‍കോടും കള്ളവോട്ട് ആരോപണം കടുപ്പിച്ച് യുഡിഎഫ്
കാസര്‍കോട് മണ്ഡലത്തിലും കണ്ണൂരിലും വ്യാപകമായ കള്ളവോട്ട് നടന്നെന്ന് ആരോപണം കടുപ്പിച്ച് യുഡിഎഫ് തെളിവായി കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ടു. കണ്ണൂർ തളിപ്പറന്പിൽ പോളിങ് ബൂത്തുകളിൽ ആസൂത്രിത ബഹളമുണ്ടാക്കി ഭയപ്പെടുത്തി സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അതിനിടെ മാണിയൂർ എൽ പി സ്കൂളിലെ 171ാആം ബൂത്തിൽ കയറി സിപിഎം പ്രവർത്തകർ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. യുഡിഎഫ് ഏജന്റിനേയും ഉദ്യോഗസ്ഥരെയും ബഹളമുണ്ടാക്കി ഭയപ്പെടുത്തിയ ശേഷം സിപിഎം കള്ളവോട്ട് ചെയ്തുവെന്നാണ് മാണിയൂർ എൽ.പി സ്കൂളിലെ 171 നമ്പർ ബൂത്തിൽ നിന്ന് ദൃശ്യങ്ങൾ സഹിതം ഉയര്‍ന്ന ആരോപണം. ബഹളത്തിനിടെ വോട്ടിംഗ് യന്ത്രം താഴെ വീണു. വിപിൻകുമാറെന്ന പ്രവാസിയുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആളെ യുഡിഎഫ് പോളിങ് ഏജന്റ് എതിർത്തതും തുടര്‍ന്നുണ്ടായ ബഹളവുമാണ് ദൃശ്യങ്ങളിലുള്ളത്.
രേഖകൾ അംഗീകരിക്കാത്തതിനെത്തുടർന്ന് ഇയാൾ വോട്ട് ചെയ്യാതെ മടങ്ങി. വോട്ട് ചലഞ്ച് ചെയ്തെങ്കിലും ഇത് രേഖാമൂലം നൽകിയില്ലെന്നും പരാതിയുണ്ട്. ബഹളം വച്ചവരെ പൊലീസ് നിയന്തിക്കാൻ ശ്രമിച്ചെങ്കിലും സിപിഎം പ്രവർത്തകർ എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൂത്തിലുണ്ടായ ബഹളത്തിന് ശേഷം യുഡിഎഫ് പോളിങ് ഏജന്റിനെ പിടിച്ചു പുറത്താക്കാൻ ശ്രമം നടന്നു. വിദേശത്തുള്ള വോട്ടർമാരുടെയും ഇവരുടെ വോട്ട് ചെയ്തവരുടെയും പട്ടിക സഹിതമാണ് യുഡിഎഫിന്റെ പരാതി. 172ആം ബൂത്തിൽ 25 കള്ളവോട്ട് ചെയ്ത ലിസ്റ്റും യുഡിഎഫ് കൈമാറിയിട്ടുണ്ട്.
അതേസമയം, 110 പോളിങ് ബൂത്തുകളിൽ റീപോളിങ് വേണമെന്നാണ് കാസർകോട് മണ്ഡലത്തിൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് വഴിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കണ്ണൂരിൽ മൊത്തം 103 ബൂത്തുകളിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. താഴേത്തട്ടിൽ നിന്ന് ഒന്നിച്ച് കണക്കെടുക്കുകയാണ്. ധർമ്മടത്ത് മുഖ്യമന്ത്രിയുടെ നാട്ടിലെ ബൂത്തിലടക്കം കള്ളവോട്ട് നടന്നെന്നും ആരോപണമുണ്ട്. നടപടികളുണ്ടായില്ലെങ്കിൽ തെളിവുകൾ സഹിതം കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.