'രണ്ട് ഫോട്ടോയിലുമുള്ള എന്‍റെ മുണ്ടിന്‍റെ കരയെങ്കിലും നോക്കാമായിരുന്നു'; കോണ്‍ഗ്രസിനോട് ആലത്തൂര്‍ എംഎല്‍എ

By Web TeamFirst Published Apr 25, 2019, 7:18 PM IST
Highlights

മൊബൈലിന്‍റെ ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കോണ്‍ഗ്രസ് ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കാട്ടിയാണ് പ്രസേനന്‍ പരാതി നല്‍കിയത്

ആലത്തൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ വ്യാജപ്രചരണം നടത്തുന്നതായി ആലത്തൂര്‍ എം എല്‍ എ കെ ഡി പ്രസേനന്‍റെ പരാതി. കലാശക്കൊട്ടിനിടെ ആലത്തൂരില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രസേനന് പരിക്കേറ്റിരുന്നു. എം എല്‍ എ കയ്യില്‍ ആം റസ്റ്റ് പൗച്ച് ഉപയോഗിച്ചാണ് പിന്നീട് പൊതുയോഗത്തില്‍ പ്രത്യേക്ഷപ്പെട്ടത്. പരിപാടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ ഫോട്ടോയില്‍ ആം റസ്റ്റ് പൗച്ച് ധരിച്ച കൈ മാറിയാണ് കാണപ്പെട്ടതെന്നും, പ്രസേനന് പരിക്കേറ്റത് വ്യാജമാണെന്നുമായിരുന്നു പ്രചരണം.

മൊബൈലിന്‍റെ ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കോണ്‍ഗ്രസ് ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കാട്ടിയാണ് പ്രസേനന്‍ പരാതി നല്‍കിയത്. 'ചുരുങ്ങിയ പക്ഷം രണ്ട് ഫോട്ടോയിലുമുള്ള എന്റെ മുണ്ടിന്റെ കരയും ഷർട്ടിന്റെ പോക്കറ്റുമെങ്കിലും നോക്കാമായിരുന്നു 
സെൽഫി ആണെന്ന് മനസ്സിലാവാതിരിക്കാൻ ഫോട്ടോ എടുത്ത ഓമനക്കുട്ടൻ മാഷെയും കട്ട് ചെയ്തു കളഞ്ഞല്ലോ' എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കോണ്‍ഗ്രസിനോട് പറഞ്ഞു. അനില്‍ അക്കര എം എല്‍ എ എന്നതടക്കമുള്ള ഫേസ്ബുക്ക് പേജുകളിലാണ് പ്രസേനനെതിരെ പ്രചരണം നടന്നത്.

പ്രസേനന്‍റെ കുറിപ്പ്

രാവിലെ മുതൽ യു ഡി എഫ് കേന്ദ്രം പ്രചരിപ്പിക്കുന്ന എന്റെ രണ്ട് ഫോട്ടോകൾ അടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഡി വൈ എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്.

പോളിടെക്നിക്കിൽ പഠിക്കാത്തത് കൊണ്ടാവും കോൺഗ്രസ്സിന് യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചൊന്നും വല്യ ധാരണയില്ലാത്തതെന്ന് തോന്നുന്നു

മൊബൈലിന്റെ ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ചും അറിയില്ല പോലും

ചുരുങ്ങിയ പക്ഷം രണ്ട് ഫോട്ടോയിലുമുള്ള എന്റെ മുണ്ടിന്റെ കരയും ഷർട്ടിന്റെ പോക്കറ്റുമെങ്കിലും നോക്കാമായിരുന്നു 
സെൽഫി ആണെന്ന് മനസ്സിലാവാതിരിക്കാൻ ഫോട്ടോ എടുത്ത ഓമനക്കുട്ടൻ മാഷെയും കട്ട് ചെയ്തു കളഞ്ഞല്ലോ

ഇതെല്ലാം ചെയ്ത് ആലത്തൂരിലെ ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ ജനകീയ പിന്തുണ ഇല്ലാതാകുമെന്ന് കരുതിയെങ്കിൽ 
നിങ്ങൾക്ക് തെറ്റി
ഇത് ആലത്തൂരാണ്...
ആർ കെ യുടെ ആലത്തൂർ...
ഇതൊന്നും ഇവിടെ നടക്കാൻ പോവുന്നില്ല

തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും രാഷ്ട്രീയം സംസാരിച്ചൂടെ കോൺഗ്രസ്സേ ?

 

 

 

click me!