കിഴക്കൻ യുപിയിൽ തരംഗം പ്രതീക്ഷിച്ച് വാരാണസിയിൽ മോദിയുടെ റോഡ് ഷോ

By Web TeamFirst Published Apr 25, 2019, 6:01 PM IST
Highlights

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമ ഉത്തർപ്രദേശിൽ മഹാസഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിൽ തിരിച്ചടി നേരിടാതിരിക്കാൻ വലിയ തരംഗം സൃഷ്ടിക്കുകയാണ് മോദിയുടെ ലക്ഷ്യം.


ബനാറസ്: നാളെ വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കെ ബനാറസിൽ നിന്ന് നരേന്ദ്രമോദിയുടെ റോഡ് ഷോ തുടങ്ങി. ഏഴ് കിലോമീറ്റർ നീളുന്ന റോഡ്ഷോയിൽ വലിയ ജനപങ്കാളിത്തമുണ്ട്. റോഡ് ഷോ വലിയ ശക്തിപ്രകടനമാക്കി കിഴക്കൻ യുപിയിൽ വലിയ തരംഗമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.

കാവി കുർത്ത ധരിച്ചെത്തിയ മോദി കാറിൽ നിന്നിറങ്ങിയശേഷം ബനാറസ് ഹിന്ദു സർവകലാശാലക്ക് സമീപമുള്ള മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. വാഹനത്തിൽ ഒറ്റക്കാണ് മോദി സഞ്ചരിച്ചത്. യോഗി ആദിത്യനാഥ്, അനുപ്രിയ പട്ടേൽ തുടങ്ങിയ നേതാക്കൾ മറ്റൊരു വാഹനത്തിൽ മോദിയെ അനുഗമിച്ചു. റോ‍ഡ് ഷോയ്ക്ക് ശേഷം ഏഴ് മണിയോടെ ഗംഗാ ആരതിയിലും ബന്ധപ്പെട്ട പൂജകളിലും മോദി പങ്കെടുക്കും. 
എൻഡിഎ നേതാക്കളെ ക്ഷണിച്ചു.

നാളെ നടക്കുന്ന മോദിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് എൻഡിഎ ഘടകകക്ഷി നേതാക്കളേയും ബിജെപി പാർലമെന്‍ററി ബോർഡ് അംഗങ്ങളേയും  ക്ഷണിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രികാ സമർപ്പണം ഐക്യപ്രകടനം കൂടിയാക്കുകയാണ് മോദിയുടെ ലക്ഷ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ നിന്ന്  71 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാൽ ഇത്തവണ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമ ഉത്തർപ്രദേശിൽ മഹാസഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. കിഴക്കൻ ഉത്തർപ്രദേശിൽ തിരിച്ചടി നേരിടാതിരിക്കാൻ വലിയ തരംഗം സൃഷ്ടിക്കുകയാണ് മോദിയുടെ ലക്ഷ്യം. 2014ലെ മോദി  തരംഗം ഇക്കുറി യുപിയിൽ നിലനിർത്താനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കുന്നില്ല എന്ന് കോൺഗ്രസ് സ്ഥിരീകരിച്ചതോടെ വാരാണസിയിൽ മോദിക്കെതിരെ വലിയ മത്സരമുണ്ടാകില്ല എന്നുറപ്പായിട്ടുണ്ട്. അജയ് റായ് ആണ് വാരാണസിയിൽ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സമാജ്‍വാജി പാർട്ടിയിൽ ചേർന്ന ശാലിനി യാദവാണ് മോദിയുടെ മറ്റൊരു എതിരാളി.

നാളെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം അയോധ്യയിലും മോദി റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നിന് അയോധ്യയിലെ മായാബസാറിൽ റാലി നടത്താനാണ് തീരുമാനം. വീണ്ടും ഒരിക്കൽക്കൂടി ഉത്തർ പ്രദേശിൽ തീവ്ര ഹിന്ദുത്വ കാർഡ് പുറത്തെടുക്കുകയാണ് ബിജെപി.

വീഡിയോ കാണാം

Prime Minister Narendra Modi holds a roadshow in Varanasi https://t.co/xCBzpOov4C

— ANI (@ANI)
click me!