മമതാ ബാനര്‍ജിയെ 'സ്റ്റിക്കര്‍ ദീദി' എന്ന് പരിഹസിച്ച് മോദി

By Web TeamFirst Published Apr 25, 2019, 7:02 PM IST
Highlights

കേന്ദ്രപദ്ധതികള്‍ സംസ്ഥാന പദ്ധതികളാണെന്ന് പറഞ്ഞ് ജനങ്ങളെ മമത കബളിപ്പിക്കുകയാണെന്നാണ് മോദിയുടെ ആരോപണം.

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്റ്റിക്കര്‍ ദീദിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രപദ്ധതികള്‍ സംസ്ഥാന പദ്ധതികളാണെന്ന് പറഞ്ഞ് ജനങ്ങളെ മമത കബളിപ്പിക്കുകയാണെന്നാണ് മോദിയുടെ ആരോപണം.

തനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിക്കുന്ന മമതാ ബാനര്‍ജിയെ മുമ്പ് സ്പീഡ് ബ്രേക്കര്‍ ദീദി എന്ന് മോദി വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗാളിലെ റാങ്ഘട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മമതാ സ്പീഡ്ബ്രേക്കര്‍ മാത്രമല്ല സ്റ്റിക്കര്‍ ദീദിയുമാണെന്ന് മോദി പരിഹസിച്ചത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികളാണെന്നാണ് മമത ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്. സൗജന്യ വൈദ്യുതിയായാലും റേഷനായാലും ഇങ്ങനെ സംസ്ഥാനസര്‍ക്കാരിന്‍റെ സ്റ്റിക്കര്‍ ഒട്ടിച്ച് സ്വന്തം ക്രെഡിറ്റിലാക്കാനാണ് മമത ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ മമതാ സ്റ്റിക്കര്‍ ദീദിയാണെന്ന് മോദി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ്, ഗുണ്ടായിസത്തിലൂടെ ബംഗാളിലെ ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് മോദി ആരോപിച്ചു. ബംഗാളില്‍ ഇപ്പോള്‍ സര്‍ക്കാരിന് ഗുണ്ടകളോട് മമതയും ജനങ്ങളോട് നിര്‍മമതയുമാണെന്നും മോദി പരിഹസിച്ചു. 

click me!