
ദില്ലി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. ട്വിറ്ററിലൂടെയാണ് കെജ്രിവാളിന്റെ ഈ പരാമർശം. ''പാകിസ്ഥാനും ഇമ്രാൻ ഖാനും മോദിയെ പരസ്യമായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. ഇവർ തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പിൽ മോദിയെ സഹായിക്കാൻ വേണ്ടിയാണോ ഫെബ്രുവരി 14 ന് പുൽവാമ ആക്രമണം നടത്തി ധീരരായ നാൽപത് ജവാൻമാരെ പാകിസ്ഥാൻ കൊന്നതെന്ന് എല്ലാവരും ചോദ്യമുന്നയിക്കുന്നുണ്ട്.'' കെജ്രിവാളിന്റെ ട്വീറ്റിൽ കുറിച്ചിരിക്കുന്നു.
ഇന്ത്യയിൽ മോദി വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇമ്രാൻ ഖാൻ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനമാണുയർന്നത്. ബിജെപി അധികാരത്തിലെത്തിയാൽ കാശ്മീർ പ്രശ്നത്തിൽ സമാധാന ചർച്ച സാധ്യമാകുമെന്ന് ഇന്നലെ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. മാത്രമല്ല, പുൽവാമയ്ക്ക് ഇന്ത്യ നൽകിയ പ്രത്യാക്രമണം ബിജെപി രാഷ്ട്രീയ ആയുധമാക്കി എന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിട്ടുണ്ട്.