വയനാടിനെതിരെ അമിത് ഷാ നടത്തിയത് വിഷം തുപ്പുന്ന വര്‍ഗീയ പരാമര്‍ശമെന്ന് കോടിയേരി

By Web TeamFirst Published Apr 11, 2019, 10:43 AM IST
Highlights

വയനാട്ടിൽ നടന്ന രാഹുലിന്‍റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാനാകില്ലെന്നായിരുന്നു അമിതാ ഷായുടെ പരാമർശം. 

പാലക്കാട്: അമിത് ഷായുടെ വയനാട് പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാം വർഗീയമായി കാണുന്നത് ആർഎസ്എസിന്‍റെ രീതിയാണെന്ന് പറഞ്ഞ കോടിയേരി ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ വേണ്ട രീതിയിൽ പ്രതികരിച്ചില്ല എന്ന് കുറ്റപ്പെടുത്തി. 

വയനാട്ടിൽ നടന്ന രാഹുലിന്‍റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാനാകില്ലെന്നായിരുന്നു അമിതാ ഷായുടെ പരാമർശം. അമിത് ഷായുടേത് വിഷം തുപ്പുന്ന വർഗീയ പരാമർശമാണെന്ന് പറഞ്ഞ കോടിയേരി ഇതിനെതിരെ അഖിലേന്ത്യ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല എന്ന് ആരോപിച്ചു.

ആർഎസ്എസിന്‍റെ പ്രചാരണം തടയാൻ യുഡിഎഫിന് ആകുന്നില്ലെന്ന് പറഞ്ഞ കോടിയേരി പാകിസ്ഥാന്‍റെ പതാകയല്ല വയനാട്ടിൽ ഉപയോഗിച്ചതെന്ന് മുസ്ലിം ലീഗ് നേതാക്കൾ പോലും പ്രതികരിച്ചെല്ലുന്നും ചൂണ്ടിക്കാട്ടി.

ദേശീയ അദ്ധ്യക്ഷനെ വയനാട്ടിൽ മത്സരിപ്പിക്കുമ്പോൾ ആർഎസ്എസ് വർഗീയ പ്രചരണം നടത്തുമെന്ന് കോൺഗ്രസ് ശ്രദ്ധിക്കണമായിരുന്നുവെന്നും കോടിയേരി പാലക്കാട്ട് പറഞ്ഞു. കേരളത്തിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നപ്പോൾ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഘോഷത്തിനിടെയാണ് മുസ്ലീം ലീഗ് പതാകകൾ വീശിയത്.

ഇതിനെ പാകിസ്ഥാൻ പതാകകൾ വീശി വയനാട്ടിൽ ആഘോഷം നടന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് സുപ്രീം കോടതിയിലെ ബിജെപി ലീഗൽ സെൽ സെക്രട്ടറിയും സംഘപരിവാർ സംഘടനയായ പൂർവാഞ്ചൽ മോർച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി ട്വീറ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. മുസ്ലീം ലീഗിന്‍റെ സന്തോഷപ്രകടനത്തിന്‍റെ വീഡിയോ ആണ് പാകിസ്ഥാൻ പതാക വീശിയുള്ള പ്രകടനം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്.

കോൺഗ്രസ് എന്തിനാണ് വയനാട് തെരഞ്ഞെടുത്തത് എന്നിപ്പോൾ മനസിലായില്ലേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു ട്വീറ്റ്. നിരവധി പേരാണ് പാകിസ്ഥാൻ പതാക വീശിയുള്ള പ്രകടനം എന്ന് തെറ്റിദ്ധരിച്ച് പ്രേരണാകുമാരിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. പ്രകടനത്തിൽ വീശുന്നത് പാകിസ്ഥാന്‍റെ പതാകയല്ലെന്നും മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടേതാണെന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല.

click me!