കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിസഭയിലേക്കോ? ദില്ലിയിലേക്ക് വിളിപ്പിച്ചു

By Web TeamFirst Published May 29, 2019, 11:07 PM IST
Highlights

ഇതുവരെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പോകുന്നില്ല എന്നായിരുന്നു കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നത്. പെട്ടെന്നാണ് കുമ്മനത്തിന് ദില്ലിയിലെത്താൻ നിർദേശം ലഭിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ ദില്ലിക്ക് വിളിപ്പിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് കുമ്മനത്തെ ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. രാവിലെയുള്ള ഫ്ലൈറ്റിൽ കുമ്മനം ദില്ലിക്ക് പോകും. 

നേരത്തേ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ദില്ലിയിലെത്താൻ കുമ്മനത്തിന് നിർദേശം ലഭിച്ചിരിക്കുന്നത്. 

നേരത്തേ മിസോറം ഗവർണർ സ്ഥാനം രാജി വച്ചാണ് കുമ്മനം തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചത്. വിജയസാധ്യതയുണ്ടെന്ന് കരുതപ്പെട്ടിരുന്ന മണ്ഡലത്തിൽ പക്ഷേ, ഒന്നരലക്ഷത്തോളം ഭൂരിപക്ഷത്തിന് ശശി തരൂരിനോട് തോറ്റു. ജയിച്ചാൽ കേന്ദ്രമന്ത്രിസഭയിൽ പരിസ്ഥിതി വകുപ്പ് കുമ്മനത്തിന് നൽകുമെന്നായിരുന്നു അഭ്യൂഹങ്ങൾ. 

കുമ്മനത്തിന് പിന്നാലെ രാജ്യസഭാ എംപിയായ വി മുരളീധരന്‍റെയും അൽഫോൺസ് കണ്ണന്താനത്തിന്‍റെയും സുരേഷ് ഗോപിയുടെയും പേരുകളും സാധ്യതാപ്പട്ടികയിലുണ്ട്. നേരത്തേ മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തിയിരുന്നതാണ്. 

അതേസമയം, നരേന്ദ്രമോദി സർക്കാരിന്‍റെ രണ്ടാം ഊഴത്തിൽ കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ 62 ശതമാനം വോട്ടാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ വർദ്ധിച്ചതെന്ന് പറഞ്ഞ ശ്രീധരൻ പിള്ള കേന്ദ്ര നേതൃത്വം ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. 

click me!