
മുർഷിദാബാദ്: തെരഞ്ഞെടുപ്പ് ധാരണകൾ പൊളിഞ്ഞിട്ടും വെസ്റ്റ് ബംഗാളിൽ കോൺഗ്രസിന് വേണ്ടി ഇടതുപക്ഷം വോട്ട് ചോദിച്ചു. സംസ്ഥാനത്ത് മുർഷിദാബാദ് ജില്ലയിലെ ബെർഹാംപുർ മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് ഇടത് പ്രവർത്തകർ റാലി നടത്തിയത്. സംസ്ഥാനത്ത് ഇത്തവണ സീറ്റ് ധാരണയ്ക്കുള്ള ചർച്ചകൾ തുടക്കത്തിൽ തന്നെ പൊളിഞ്ഞിരുന്നു.
ആധീർ രഞ്ജൻ ചൗധരിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. തൃണമൂൽ കോൺഗ്രസിന് വേണ്ടി അപൂർബ സർക്കാരും ബിജെപിക്ക് വേണ്ടി കൃഷ്ണ ജുർദാർ ആര്യയുമാണ് മത്സരിക്കുന്നത്. ആർഎസ്‌പി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഇടതുപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ നാല് തവണയും ആധിർ രഞ്ജൻ ചൗധരി തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണിത്. 1998 ലാണ് അവസാനമായി ഇടതുപക്ഷ സ്ഥാനാർത്ഥി ഇവിടെ വിജയിച്ചത്. അന്ന് ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. പിന്നീട് 2009 വരെ ആർഎസ്‌പി രണ്ടാം സ്ഥാനത്തായി. 2014 ൽ ഇടതുപക്ഷവും കോൺഗ്രസും പരസ്പരം ധാരണയോടെ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ കോൺഗ്രസ് ലീഡ് കുത്തനെ ഉയർന്നു. തൃണമൂൽ കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.