ഇടതുപക്ഷം ഈഴവരോട് നീതി കാട്ടിയില്ല; യുവതീപ്രവേശനം വൈകിപ്പിക്കാമായിരുന്നു, ആരിഫിനെ ജയിപ്പിച്ചത് ഈഴവര്‍; വെള്ളാപ്പള്ളി

By Web TeamFirst Published May 24, 2019, 5:19 PM IST
Highlights

ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും സര്‍ക്കാര്‍ ഈഴവരെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 

ആലപ്പുഴ: ശബരിമല വിധി ധൃതി പിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയം കൈകാര്യം ചെയ്തത് ചിലരില്‍ ആശങ്കയുണ്ടാക്കി. വനിതാമതില്‍ കെട്ടിയതിന്‍റെ അടുത്ത ദിവസം തന്നെ പൊളിച്ചു. സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത് എല്‍ഡിഎഫിന് വോട്ട് ചെയ്യാം എന്ന  ധാരണയിലല്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും സര്‍ക്കാര്‍ ഈഴവരെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചേര്‍ത്തലയിലെ ഈഴവരാണ് എഎം ആരിഫിനെ ജയിപ്പിച്ചത്. ആരിഫിനെ ജയിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശം യോഗം പ്രവര്‍ത്തകര്‍ക്ക് താന്‍ നല്‍കിയിരുന്നു. 

തന്നെ ആക്രമിച്ച ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രതികാരമായിരുന്നു അത്. ഈ സുവര്‍ണ്ണാവസരം താന്‍ പ്രയോജനപ്പെടുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തന്നെ തവിടുപൊടിയാക്കുമെന്ന് ചില നേതാക്കള്‍ നേരിട്ടു പറഞ്ഞെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

click me!