മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി

By Web TeamFirst Published Oct 4, 2019, 3:12 PM IST
Highlights

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഏക്നാഥ് ഖഡ്സേ മുക്തിന​ഗർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. 

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഏഴ് മണ്ഡലങ്ങിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി വെള്ളിയാഴ്ച പുറത്തിറക്കിയത്. മുതിർന്ന നേതാവ് വിനോദ് താവ്ഡെ, പ്രകാശ് മെഹ്ത, രാജ് പുരോഹിത്, മുൻ ധനമന്ത്രി ഏക്നാഥ് ഖഡ്സേ എന്നിവരുടെ പേരുകൾ അവസാനഘട്ട സ്ഥാനാർത്ഥി പട്ടികയിലും ഇല്ല.

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഏക്നാഥ് ഖഡ്സേ മുക്തിന​ഗർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. അതേസമയം, ഏക്നാഥ് ഖഡ്സേയുടെ മകൾ രോഹിണി ഖഡ്സേയ്ക്ക് ബിജെപി സീറ്റ് നൽകിയിട്ടുണ്ട്. വിനോദ് താവ്ഡെയ്ക്ക് പകരം സുനിൽ രാണെയും പ്രകാശ് മെഹ്തയ്ക്ക് പകരം പരാ​ഗ് ഷായും രാജ് പുരോഹിതിന് പകരം രാ​ഹുൽ നർവേക്കറുമാണ് മത്സരിക്കുന്നത്.

Read More:മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി; സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഏക്നാഥ്

അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ ബിജെപിയുടെ 150 സീറ്റുകളിലേക്കും ശിവ സേനയുടെ 124 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയായിരിക്കുകയാണ്. എൻഡിഎയ്ക്ക് ആകെ 288 സീറ്റുകളിൽ 14 സീറ്റുകളിൽ മറ്റ്  സഖ്യകക്ഷികൾ മത്സരിക്കും. കഴി‍ഞ്ഞ തിങ്കളാഴ് 125 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു.

Read More: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

12 സിറ്റിങ് സീറ്റ് എംഎൽഎമാർ ഉൾപ്പടെയുള്ളവരുടെ പേരുകൾ പട്ടിയിലുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവാസ്, മന്ത്രിമാരായ സുധീർ മുൻ​ഗനിത്വാർ, ​ഗിരീഷ് മഹാജൻ, ചന്ദ്രകാന്ത് പട്ടീൽ‌ എന്നിവർ പട്ടികയിൽ ഇടംനേടിയിരുന്നു. ഓക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ തെര‍ഞ്ഞെടുപ്പ് നടക്കുക. 
 

click me!