മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 125 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി തിങ്കളാഴ് പുറത്തിറക്കിയത്.12 സിറ്റിങ് സീറ്റ് എംഎൽഎമാർ ഉൾപ്പടെയുള്ളവരുടെ പേരുകൾ പട്ടിയിലുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവാസ്, മന്ത്രിമാരായ സുധീർ മുൻ​ഗനിത്വാർ, ​ഗിരീഷ് മഹാജൻ, ചന്ദ്രകാന്ത് പട്ടീൽ‌ എന്നിവർ പട്ടികയിൽ ഇടംനേടി. അതേസമയം, ബിജെപിയുടെ മുതിർന്ന നേതാക്കളായ മുൻ ധനമന്ത്രി ഏകനാഥ് ഖഡ്സേ, മന്ത്രിമാരായ വിനോദ് താവ്ഡെ, ചന്ദ്രശേഖർ ഭവംഗുലേ, പ്രകാശ് മെഹ്ത എന്നിവരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവായി. ഒക്ടോബര്‍ 21നാണ് നിയമസഭ തെരഞ്ഞെടുപ്പ്.

ഞായറാഴ്ച കോൺ​ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. 51നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിത പുറത്തിറക്കിയത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചൗവാൻ ബോക്കർ മണ്ഡലത്തിൽ നിന്നും മുതിര്‍ന്ന നേതാവ് നിതിന്‍ റാവത്ത് നാ​ഗ്പൂർ നോർത്തിൽ നിന്നുമാണ് മത്സരിക്കുന്നത്.

മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പരിണിതി സോലാപൂർ സിറ്റി സെൻട്രലിൽ നിന്നും മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകന്‍ അമിത്, ലത്തൂര്‍ സിറ്റിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. പിസിസി സംസ്ഥാന അധ്യക്ഷന്‍ വിജയ് ബാലാസാഹേബ് സംഗംനീർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഏക്നാഥ് ഗായിക്വവാദിന്റെ മകളും മുൻ മന്ത്രിയുമായ വർഷ ഗായിക്വവാദ് ധാരവിയിൽ നിന്ന് ഇത്തവണയും ജനവിധി തേടുന്നുണ്ട്.