മുന്‍ മുഖ്യമന്ത്രിമാര്‍ അധികാരത്തിലേറ്റുമോ കോണ്‍ഗ്രസിനെ? 98 ലെ ദില്ലി ചരിത്രത്തിന്‍റെ ഭീതിയില്‍ ബിജെപി

By Web TeamFirst Published Oct 2, 2019, 10:46 AM IST
Highlights

1998ൽ ദില്ലിയിലെ സുഷമ സ്വരാജ് സ‍ർക്കാരിനെ താഴെ ഇറക്കിയതിൽ പ്രധാന ഘടകം ഉള്ളി വില വര്‍ധനവിനെതിരായ ജനരോഷമായിരുന്നു. സമാന സാഹചര്യം മഹാരാഷ്ട്രയിലെ ബിജെപിയെ ഉറ്റുനോക്കുന്നു

മുംബൈ: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിനാണ് വാണിജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സംഘടനാ ശേഷിയുടെയും വികസന നേട്ടങ്ങളുടെയും ബലത്തില്‍ അധികാരത്തുടര്‍ച്ച ബിജെപി ലക്ഷ്യം വയ്ക്കുമ്പോള്‍ അധികാരത്തിലേക്കുള്ള മടങ്ങിവരവാണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. ബിജെപിക്ക് സഖ്യത്തിലുള്ള ശിവസേനയും കോണ്‍ഗ്രസിന് എന്‍ സി പിയും തുണയാകുമോ വെല്ലുവിളിയാകുമോയെന്ന് കണ്ടറിയണം. എന്തായാലും നാല് പ്രമുഖ പാര്‍ട്ടികളും ചേര്‍ന്ന് തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിച്ചിട്ടുണ്ട്.

അതിനിടയിലാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാ‍‍ത്ഥി പട്ടിക പുറത്തിറക്കിയത്. 52 പേരുടെ പട്ടികയിൽ കരാട് സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് പ്രമുഖ സ്ഥാനാർത്ഥി. ആദ്യ ഘട്ട പട്ടികയില്‍ മറ്റൊരു മുന്‍ മുഖ്യമന്ത്രി അശോക് ചവാനെയും കോണ്‍ഗ്രസ് രംഗത്തിറക്കിയിരുന്നു. ബോക്കർ മണ്ഡലത്തിൽ നിന്നാണ് അശോക് ചവാന്‍ മത്സരിക്കുന്നത്.

ഇതുവരെ 103 സ്ഥാനാർത്ഥികളുടെ പേരുകളാണ് കോണ്‍ഗ്രസ് സ്ക്രീനിങ്ങ് കമ്മറ്റി പുറത്തുവിട്ടത്. ഇനി 22 സീറ്റുകളിലെ പ്രഖ്യാപനം ബാക്കിയുണ്ട്. മഹാരാഷ്ട്രയിൽ സഖ്യത്തിലുളള കോൺഗ്രസും എൻസിപിയും 125 വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരെ കളത്തിലിറക്കുന്നതിലൂടെ ഏത് വിധേനയും അധികാരം തിരിച്ചുപിടിക്കുക എന്ന സന്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഒന്നര ദശാബ്ദത്തിലേറെ നീണ്ട കോണ്‍ഗ്രസ് ഭരണം 2014 ലാണ് അവസാനിച്ചത്.

കോണ്‍ഗ്രസിനെ തറപറ്റിച്ച് അധികാരത്തിലേറിയ ഫഡ്നവീസ് സര്‍ക്കാരിന് മുന്നില്‍ അധികാര തുടര്‍ച്ച അത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തിന്‍റെ വേദനകള്‍ക്കൊപ്പം ഉള്ളിവില വര്‍ധിക്കുന്നതിലെ ജനരോഷവും തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുകയാണ്. കുതിച്ചുയരുന്ന ഉള്ളിവില തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവാതിരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടും പൊള്ളുന്ന വിലയാണ് മഹാരാഷ്ട്രയിൽ. . വില കുറയ്ക്കാനുള്ള നടപടികൾ കർഷകരെ എതിർപക്ഷത്താക്കുമോ എന്ന ഭയവും സർക്കാരിനുണ്ട്. 1998ൽ ദില്ലിയിലെ സുഷമ സ്വരാജ് സ‍ർക്കാരിനെ താഴെ ഇറക്കിയതിൽ പ്രധാന ഘടകം ഉള്ളി വില ക്രമാതീതമായി ഉയര്‍ന്നതിനെതിരായ ജനരോഷമായിരുന്നു. സമാന സാഹചര്യം മഹാരാഷ്ട്രയിലെ ബിജെപിയെ ഉറ്റുനോക്കുമ്പോള്‍ തന്ത്രപരമായ സമീപനത്തിലൂടെ നേതൃത്വം അത് മറികടക്കുമോയെന്ന് കണ്ടറിയണം.

click me!