ഹിറ്റ്ലര്‍ ജീവിച്ചിരുന്നെങ്കിൽ മോദിയുടെ പ്രവൃത്തികൾ കണ്ട് ആത്മഹത്യ ചെയ്തേനെ; മമത ബാനർജി

By Web TeamFirst Published Apr 9, 2019, 5:55 PM IST
Highlights

ലഹളകളിലൂടെയും കൂട്ടകൊലകളിലൂടെയുമാണ് മോദി രാഷ്ട്രീയത്തിൽ വേരുറപ്പിച്ചതെന്നും ഫാസിസ്റ്റുകളുടെ രാജാവാണ് മോദിയെന്നും മമത പറഞ്ഞു.

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ലഹളകളിലൂടെയും കൂട്ടക്കൊലകളിലൂടെയുമാണ് മോദി രാഷ്ട്രീയത്തിൽ വേരുറപ്പിച്ചതെന്നും ഫാസിസ്റ്റുകളുടെ രാജാവാണ് മോദിയെന്നും മമത പറഞ്ഞു. റായ്ഗഞ്ജില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് നരേന്ദ്രമോദിക്കെതിരെ മമത വിമർശനമുന്നയിച്ചത്.

'ലഹളകളിലൂടെയും കൂട്ടക്കൊലകളിലൂടെയുമാണ് നരേന്ദമോദി  രാഷ്ട്രീയത്തിൽ വേരുറപ്പിച്ചത്. ഫാസിസ്റ്റുകളുടെ രാജാവാണ് മോദി. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ, മോദിയുടെ പ്രവൃത്തികൾ കണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തേനെ'- മമത പറഞ്ഞു

തങ്ങളെ എതിർക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് അടിച്ചമര്‍ത്താനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. മോദി സ്വർത്ഥനായ വ്യക്തിയാണ്. തന്നെ കുറിച്ച് മോദി ഒരു സിനിമ പിടിച്ചു. എന്നാൽ കലാപത്തിന്റെ പേരിലാകും മോദിയെ ജനങ്ങൾ ഓർക്കുക. ആരും തന്നെ ​ഗുജറാത്ത് കലാപം മറന്നിട്ടില്ലെന്നും മമത ബാനർജി പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ ഇത് ബംഗാളില്‍ നടപ്പാക്കൂ. എന്ത് സംഭവിക്കുമെന്ന് അപ്പോള്‍ കാണാമെന്നും മമത ബിജെപിയെ വെല്ലുവിളിച്ചു. പശ്ചിമ ബം​ഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ആരേയും അനുവദിക്കില്ലെന്ന്  മമത ബാനർജി നേരത്തെ പറഞ്ഞിരുന്നു. ഭേദഗതി ചെയ്യപ്പെട്ട പുതിയ പൗരത്വ പട്ടിക നിലവില്‍ വന്നാൽ രാജ്യത്തുള്ള പൗരന്മാരിൽ പലരും അഭയാർത്ഥികളായി മാറുമെന്നും മമത മുന്നറിയിപ്പു നൽകി. തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയുള്ള ഉപാധിയായിട്ടാണ് ബിജെപി പൗരത്വ പട്ടികയെ നോക്കിക്കാണുന്നതെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
 

click me!