കോട്ടയത്തെ പ്രചാരണത്തിൽ കെ എം മാണി നിറയുന്നു

By Web TeamFirst Published Apr 14, 2019, 12:41 PM IST
Highlights

 മാണിയുടെ നയങ്ങളെ പിന്തുടരുന്നത് താനാണെന്നും മാണി മുന്നോട്ട് വച്ച് മുദ്രാവാക്യങ്ങള്‍ നടപ്പാക്കാനാണ് ശ്രമമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസ് 

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാലാ എംഎല്‍എയുമായ കെഎം മാണിയുടെ അപ്രതീക്ഷിത നിര്യാണത്തോടെ അദ്ദേഹത്തെ ചുറ്റിയാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പ്രചാരണം ഇപ്പോള്‍ കറങ്ങി തിരിയുന്നത്. മാണിയുടെ മരണം സൃഷ്ടിച്ച ജനവികാരം സഹതാപതരംഗമാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് യുഡിഎഫ്. എന്നാല്‍ കോട്ടയത്ത് രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് സിപിഎം തിരിച്ചടിക്കുന്നു. അതേസമയം മാണിയുടെ നയങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ചത് താനാണെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസ് പറയുന്നത്. 

പാര്‍ട്ടിക്കുള്ളിലെ അഭ്യന്തര കലഹത്തിനൊടുവില്‍ തീര്‍ത്തും നാടകീയമായാണ് കെഎം മാണി തോമസ് ചാഴിക്കാടാനെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട തോമസ് ചാഴിക്കാടനൊപ്പമാണ് മാണി അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അവിടെ നിന്നും അധികം ദിവസം പിന്നിടും മുന്‍പ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായി ഒന്നര ആഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം മാണി മരണപ്പെടുകയും ചെയ്തു. 

ഇതാദ്യമായി  മാണിയില്ലാതെ കോട്ടയത്ത് തെര‍ഞ്ഞെടുപ്പിന് പ്രചാരണത്തിന് ഇറങ്ങിയ കേരള കോണ്‍ഗ്രസ് എമ്മിനും യുഡിഎഫിനും ആദ്യഘട്ടത്തില്‍ വലിയ അങ്കലാപ്പാണ് ഉണ്ടായത്. എന്നാല്‍ മാണിയുടെ മരണത്തോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ മുദ്രാവാക്യങ്ങൾ മാറി.  മാണിയുടെ മരണത്തോടെ യുഡിഎഫിലെ മറ്റു പ്രശ്നങ്ങളെല്ലാം അപ്രസക്തമായി. യുഡിഎഫ് ക്യാംപ് സജീവമായി.

മാണിയുടെ മരണത്തിന് ശേഷം നാല് ദിവസം നിര്‍ത്തി വച്ച പ്രചാരണം വീണ്ടും തുടങ്ങിയപ്പോള്‍ മാണി സ്മൃതികളാണ് യുഡിഎഫിനും സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനും ഊര്‍ജം നല്‍കുന്നത്. അതേസമയം യുഡിഎഫ് നീക്കത്തെ കരുതലോടെയാണ് എല്‍ഡിഎഫ് ക്യാംപ് കാണുന്നത്. മണ്ഡലത്തില്‍ സഹതാപതരംഗമുണ്ടാക്കാന്‍ കേരള കോണ്‍ഗ്രസ് എം ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍ വിമര്‍ശിക്കുന്നു. 

എന്നാല്‍ മാണിയുടെ നയങ്ങളെ പിന്തുടരുന്നത് താനാണെന്നും മാണി മുന്നോട്ട് വച്ച് മുദ്രാവാക്യങ്ങള്‍ നടപ്പാക്കാനാണ് ശ്രമമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസ് പറയുന്നു. പാലായ്ക്ക് മാണി സമ്മാനിച്ച വികസനമോഡലിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെട്ട് മൂന്ന് മുന്നണികളും മുന്നോട്ട് വന്നതോടെ വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം. 

click me!