
ദില്ലി: കോൺഗ്രസ് പാർട്ടി അധികാരത്തിലിരുന്ന സമയത്ത് ഇന്ത്യയിൽ ഭരണം റിവേഴ്സ് ഗിയറിലായിരുന്നു പോയിക്കൊണ്ടിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ ജാമൂയ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേയാണ് കോൺഗ്രസിനെതിരെ മോദി രൂക്ഷമായ വിമർശനമുന്നയിച്ചത്. ബിആർ അംബേദ്കറിനെ കോൺഗ്രസ് പാർട്ടി അവഗണിച്ചത് പോലെ മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷ എതിരാളികൾ ബിജെപിയ്ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ സംവരണം നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.
''കോൺഗ്രസ് പാർട്ടിയും അവരുടെ സഖ്യകക്ഷികളും അധികാരത്തിലിരുന്നപ്പോൾ ഭരണം റിവേഴ്സ് ഗിയറിൽ പിന്നോട്ടാണ് സഞ്ചരിച്ചിരുന്നത്. ഭീകരവാദവും അക്രമവും അഴിമതിയും കള്ളപ്പണവും വർദ്ധിച്ചത് കോൺഗ്രസിന്റെ ഭരണത്തിൻ കീഴിലാണ്. രാജ്യത്തിന്റെ അന്തസ്സും മാന്യതയും അഭിവൃദ്ധിയും സായുധ സേനയുടെ ധാർമ്മികതയും സത്യത്തോടുള്ള ആദരവും ഇല്ലാതായതും ഈ ഭരണത്തിൻ കീഴിലാണ്.'' മോദി കുറ്റപ്പെടുത്തി.
ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ അംബേദ്കറെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും കോൺഗ്രസ് നടത്തിയതായി മോദി ആരോപിച്ചു. പൊതുസമൂഹത്തിന്റെ ഓർമ്മയിൽ നിന്ന് അംബേദ്കറെ തുടച്ചു മാറ്റാനാണ് അവർ ശ്രമിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം പരമോന്നത ബഹുമതി അദ്ദേഹത്തിന് ലഭിക്കാൻ കാരണമായത് ബിജെപിയുടെ ശ്രമഫലമായിട്ടാണ് എന്നും മോദി കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിൽ വന്നാൽ വിദ്യാഭ്യാസ രംഗത്തും സംവരണരംഗത്തും തിരിച്ചടികൾ ഉണ്ടാകുമെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു നീക്കം ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മോദി ഉറപ്പു നൽകി.