തിരുവനന്തപുരം: മുടവൻമുകളിലെ പോളിംഗ് ബൂത്തിൽ രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തിയവർക്ക് കിട്ടിയത് ഒരു ഉഗ്രൻ സർപ്രൈസാണ്. ക്യൂവിൽ സാധാരണക്കാരോടൊപ്പം ക്യൂവിൽ നിൽക്കുന്നു പ്രിയപ്പെട്ട സൂപ്പർ താരം.
വെള്ള ഷർട്ടും ജീൻസുമായി മോഹൻലാലെത്തിയപ്പോൾ ആദ്യം വോട്ടർമാർക്ക് വിശ്വാസം വന്നില്ല. പിന്നെ ആർപ്പ് വിളിയായി. പക്ഷേ പോളിംഗ് കേന്ദ്രമല്ലേ, എല്ലാവരും അച്ചടക്കത്തോടെ ക്യൂവിൽ കയറി നിന്നു.
പൊരിഞ്ഞ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് നേമം, വട്ടിയൂർക്കാവ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ രാവിലെ നീണ്ട ക്യൂവായിരുന്നു. തിരക്കിനിടെ വരി തെറ്റിക്കാനൊന്നും മോഹൻലാലില്ല. തികഞ്ഞ അച്ചടക്കത്തോടെ ക്യൂ നിന്നു, വോട്ട് ചെയ്തു.
തൃശ്ശൂരിൽ നിന്ന് മത്സരിക്കുന്ന ബിജെപി എംപിയും താരവുമായ സുരേഷ് ഗോപിയും എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും ഇന്നലെ മോഹൻലാലിനെ കാണാനെത്തിയിരുന്നു. ഇരുവർക്കും വിജയാശംസകൾ നേരുന്നുവെന്ന് പറഞ്ഞ മോഹൻലാലിനോട് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ, 'അതൊക്കെ സർപ്രൈസല്ലേ' എന്നായിരുന്നു പതിവ് ചിരിയോടെ ലാലിന്‍റെ മറുപടി.
ചിത്രം - ബൈജു വി മാത്യു, ക്യാമറാമാൻ, തിരുവനന്തപുരം ബ്യൂറോ