കൊല്ലത്ത് നടന്നത് വ്യക്തിഹത്യ; സിപിഎം വ്യാജ പ്രചാരണം ഗുണം ചെയ്തുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

By Web TeamFirst Published Apr 23, 2019, 7:46 AM IST
Highlights

എല്‍ഡിഎഫ് എന്ന് പോലും പറയുന്നില്ല, സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ സ്വഭാവ ഹത്യയില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഒരു പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നത് കൊല്ലത്ത് മാത്രമായിരിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ നടന്നത് രാഷ്ട്രീയ സംവാദങ്ങളല്ലെന്നും തനിക്കെതിരായ വ്യക്തിഹത്യ മാത്രമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. രാഷ്ട്രീയ  വിവാദങ്ങള്‍ ഉണ്ടാകുനന്ത് നല്ലതാണ്. എന്നാല്‍ കൊല്ലത്ത് ഉണ്ടായത് രാഷ്ട്രീയ വിവാദങ്ങള്‍ ആയിരുന്നില്ല. തികച്ചും വ്യക്തി കേന്ദ്രീകൃതമായിരുന്നു കഴിഞ്ഞ രണ്ട് മാസക്കാലം കൊല്ലം ലോക്സഭാ മണ്ഡലത്തിലുണ്ടായ വിവാദങ്ങളുടെ കേന്ദ്രബിന്ദു.  എല്‍ഡിഎഫ് എന്ന് പോലും പറയുന്നില്ല, സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ സ്വഭാവ ഹത്യയില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഒരു പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നത് കൊല്ലത്ത് മാത്രമായിരിക്കും. 

സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളെ കുറിച്ചും കോട്ടങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ല. അഞ്ച് വര്‍ഷം എംപിയായിരിക്കെ നടത്തിയ വികസപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിമര്‍ശനാത്മകമായ വിലയിരുത്തലോ സംവാദമോ പൊതുമണ്ഡലത്തില്‍ ഉണ്ടായില്ല.  ആകെ ഉണ്ടായ സംവാദങ്ങള്‍, യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്നെ വ്യക്തി കേന്ദ്രീകൃതമായ ഹത്യ നടത്തുക മാത്രമായിരുന്നു. 

വ്യക്തിഹത്യയില്‍ കേന്ദ്രീകരിച്ചതിനാല്‍ തന്നെ കൊല്ലം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായി കാണാന്‍ സിപിഎം ആഗ്രഹിച്ചില്ല എന്ന് വ്യക്തമാക്കുന്നു. വ്യക്തിഹത്യയിലൂടെ ഈ തെര‍്ഞെടുപ്പിലെങ്ങനെ രാഷ്ട്രീയമായ നേട്ടം കൊയ്യാമെന്ന് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളുടെ സഹായത്തോടെ ഗവേഷണം നടത്തിയാണ് അവര്‍ പ്രചാരണം നടത്തിയത്. എന്നാല്‍ അതെല്ലാം തനിക്ക് ഗുണം ചെയ്തെന്നാണ് കരുതുന്നത്. 

താന്‍ ആര്‍എസ്‍എസ് ആണെന്നതടക്കമുള്ള പ്രാചരണങ്ങള്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ നടത്തിയത്  തോമസ് ഐസക് അടക്കമുള്ള മൂന്ന് മുതിര്‍ന്ന നേതാക്കളാണ്. കൊല്ലം പട്ടണങ്ങളില്‍ ക്യാമ്പ് ചെയ്ത് ഉത്തരവാദിത്തമുളള രാഷ്ട്രീയനേതാവ് നടത്താന്‍ പാടില്ലാത്ത തരത്തില്‍ സാമുദായികവും വര്‍ഗ്ഗീയവല്‍കൃതവുമായ പ്രചാരണമാണ് തോമസ് ഐസക് നടത്തിയതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിലോമ കരമായ പ്രചാരണ പ്രവര്‍കത്തനങ്ങളും ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നല്ല വിജയം കൈവരിക്കാന്‍ കഴിയുമെന്നുള്ള ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

click me!