പിന്തുണയ്ക്ക് നന്ദിയെന്ന് മുലായം; യഥാർത്ഥ പിന്നാക്കസമുദായ നേതാവാണ് മുലായമെന്ന് മായാവതി

By Web TeamFirst Published Apr 19, 2019, 2:52 PM IST
Highlights

മുലായം സിംഗ് യഥാർത്ഥ പിന്നാക്കസമുദായ നേതാവാണെന്ന് അദ്ദേഹത്തെ പിന്തുണച്ച് മായാവതി പറഞ്ഞു. നരേന്ദ്ര മോദി വ്യാജ പിന്നാക്ക നേതാവാണെന്നും മായാവതി ആരോപിച്ചു. 
 

ലക്നൗ: ബിഎസ്‍പി നേതാവ് മായാവതിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് എസ് പി നേതാവ് മുലായം സിംഗ് യാദവ്. തന്നെ പിന്തുണയ്ക്കാൻ മെയിൻപുരിയിൽ എത്തിയത് മറക്കില്ലെന്നും മുലായം സിംഗ് യാദവ്. മുലായം സിംഗ് യഥാർത്ഥ പിന്നാക്കസമുദായ നേതാവാണെന്ന് അദ്ദേഹത്തെ പിന്തുണച്ച് മായാവതി പറഞ്ഞു. നരേന്ദ്ര മോദി വ്യാജ പിന്നാക്ക നേതാവാണെന്നും മായാവതി ആരോപിച്ചു. 

24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്നാണ് മായാവതിയും മുലായവും  ഇന്ന് ഒരേ വേദിയില്‍ എത്തിയത്. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്‍റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരു കൈകോര്‍ത്ത് പ്രചാരണം നടത്തിയത്. 1995ന് ശേഷം ആദ്യമായാണ് മുലായം സിങ് യാദവുമായി വേദി പങ്കിടുന്നതെന്ന് മായാവതി പറഞ്ഞു. ഇത് ചരിത്ര ദിനമാകുമെന്നായിരുന്നു മുലായം സിങ് യാദവിന്‍റെ ആദ്യ പ്രതികരണം. 

അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരും റാലിയില്‍ പങ്കെടുത്തു. മെയിന്‍പുരയില്‍നിന്ന് തുടര്‍ച്ചയായി ലോക്സഭയിലേക്ക് ജയിച്ചുവരുന്ന നേതാവാണ് മുലായം സിങ്. എസ്പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. 

1993ലാണ് മുമ്പ് എസ്‍പി-ബിഎസ്‍പി കൂട്ടുക്കെട്ടുണ്ടായത്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ മുതിര്‍ന്ന നേതാവ് കാന്‍ഷി റാമിന്‍റെ മുന്‍കൈയില്‍ അന്ന് ഇരു പാര്‍ട്ടികളും ഒന്നിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യം ജയിക്കുകയും മുലായം സിങ് മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നീട് 1995ലെ പ്രസിദ്ധമായ ഗസ‍്റ്റ് ഹൗസ് സംഭവത്തെ തുടര്‍ന്ന് സഖ്യം പിരിഞ്ഞു. എസ്‍പി നേതാക്കളും പ്രവര്‍ത്തകരും മായാവതിയുടെ ഗസ്റ്റ് ഹൗസ് ആക്രമിച്ചതാണ് സംഭവം. പിന്നീട് ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായി. 

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തോല്‍വിക്ക് ശേഷമാണ് ഇരു പാര്‍ട്ടികളും സഖ്യസാധ്യതയെക്കുറിച്ച് ആലോചിച്ചത്. രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി സീറ്റുകള്‍ തൂത്തുവാരി. എസ്പി നേതാവ് അഖിലേഷ് യാദവാണ് സഖ്യത്തിന് മുന്‍കൈയെടുത്തത്. എന്നാല്‍, തുടക്കത്തില്‍ സഖ്യ നീക്കത്തില്‍ മുലായം സിങ് യാദവിന് അതൃപ്തിയുണ്ടായിരുന്നു. യുപിയില്‍ ന്യൂനപക്ഷ, ദലിത് വോട്ടുകള്‍ വിഘടിച്ചാല്‍ ബിജെപിക്ക് ഗുണമാകുമെന്നും എക്കാലത്തും അധികാരത്തിന് പുറത്ത് നില്‍ക്കേണ്ടി വരുമെന്നും ഇരുപാര്‍ട്ടികള്‍ക്കും ബോധ്യപ്പെട്ടതിന് ശേഷമാണ് സഖ്യമുണ്ടായത്. ലോക്സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി മണ്ഡലങ്ങളായിരുന്ന ഗൊരഖ്പുര്‍, കൈരാന എന്നിവ പിടിച്ചടക്കി സഖ്യം ശക്തി തെളിയിച്ചിരുന്നു.

click me!