
തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാന്‍ സാധിക്കാത്തവരെ ശിക്ഷിക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്തത്.
വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചത് . ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 177-ാം വകുപ്പ് വിശദീകരിക്കുന്ന ചിത്രത്തിനൊപ്പമാണ് എന്‍എസ് മാധവന്‍റെ ട്വീറ്റ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയും സെക്ഷന്‍ 177 ഉം തമ്മില്‍ എന്ത് ബന്ധമാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
തിരുവനന്തപുരം മണ്ഡലത്തിലെ പട്ടത്ത് വോട്ട് മാറിപ്പോകുന്നതായി പരാതി ഉയർന്നിരുന്നു. ഏത് ചിഹ്നത്തിൽ കുത്തിയാലും വോട്ട് താമരക്ക് തെളിയുന്നു എന്നായിരുന്നു പരാതി. എന്നാൽ ഇവിടെ ടെസ്റ്റ് വോട്ട് നടന്നപ്പോൾ പരാതി തെറ്റെന്ന് തെളിഞ്ഞു. പരാതി ഉന്നയിച്ച എബിൻ എന്ന വോട്ടർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എന്‍എസ് മാധവന്‍റെ ട്വീറ്റ്.