ഗാന്ധി കുടുംബത്തോട് നരേന്ദ്ര മോദിക്ക് പകയെന്ന് രാഹുൽ ഗാന്ധി

By Web TeamFirst Published May 11, 2019, 3:16 PM IST
Highlights

എന്നാൽ താൻ സ്നേഹത്തിലൂടെ ആ പക ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ഭോപ്പാൽ: ഗാന്ധി കുടുംബത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്‍റെ അച്ഛനെയും മുത്തശ്ശിയെയും മുത്തച്ഛനെയും പറ്റി മോദി പകയോടെ സംസാരിക്കുന്നു. എന്നാൽ താൻ സ്നേഹത്തിലൂടെ ആ പക ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഷുജൽപൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുലിന്‍റെ പരാമർശം.

രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് ജീവിതം അവസാനിപ്പിച്ചതെന്ന നരേന്ദ്ര മോദിയുടെ പരാമ‌ർശം വലിയ വിവാദമായിരുന്നു, ഉത്തർപ്രദേശിലെ റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശം.

"താങ്കളുടെ പിതാവ്‌ മുഖസ്‌തുതിക്കാര്‍ക്ക്‌ മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു." എന്നായിരുന്നു മോദിയുടെ പരാമർശം. രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ്‌ കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.
മോദിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.  

വിവാദ പരാമർശത്തെ തുടർന്ന് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോൺഗ്രസ് എംപി സുഷ്മിത ദേവാണ് ഹർജി നൽകിയത്. പ്രധാനമന്ത്രി തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ.

click me!