മോദിക്കെതിരെ പ്രിയങ്ക മത്സരിക്കാൻ തയ്യാറെന്ന് റോബർട്ട് വദ്ര

By Web TeamFirst Published Apr 16, 2019, 5:16 PM IST
Highlights

മത്സരിക്കുന്നുണ്ടെങ്കിൽ അത് വാരാണസിയിൽ നിന്നാകുമെന്ന് പ്രിയങ്കാ ഗാന്ധി നേരത്തേ തന്നോട് പറഞ്ഞിട്ടുണ്ടെന്നും റോബർട്ട് വാദ്ര. ആദ്യമായാണ് നെഹ്‍റു കുടുംബത്തിൽ നിന്ന് ഒരാൾ പ്രിയങ്ക മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുന്നത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ തയ്യാറെന്ന് ഭർത്താവ് റോബർട്ട് വദ്ര. 'ഇന്ത്യാ ടുഡേ' ചാനലിന് നൽകിയ അഭിമുഖത്തിലാണ് വദ്രയുടെ പ്രതികരണം. മത്സരിക്കാൻ തയ്യാറാണെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും വദ്ര പ്രതികരിച്ചു. 

ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. പ്രിയങ്ക പുതിയ ചുമതല ഭംഗിയായി നിർവഹിക്കുന്നുമുണ്ടെന്നും വദ്ര വ്യക്തമാക്കി. 

നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് 'വാരാണസിയിൽ നിന്നായാലെന്താ' എന്ന് പ്രിയങ്ക ചോദിച്ചിരുന്നു. ഇപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. അത് രാജ്യത്തുടനീളം പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. 2022ലെ നിയമസഭാ  തെരഞ്ഞെടുപ്പും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചയ്ക്ക് പിന്നിലുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വാരണാസിയില്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണെന്നതിനാല്‍ പ്രചാരണത്തെ അത് ബാധിക്കില്ലെന്ന് പ്രിയങ്ക കണക്കു കൂട്ടുന്നു. മെയ് 19നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ്. വാരണാസിയില്‍ ഇതുവരെ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിന് കാരണം പ്രിയങ്ക വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 

 

click me!