കേരള ബിജെപിയിൽ പുതിയ ഗ്രൂപ്പ് സമവാക്യം രൂപപ്പെടുന്നു; ആർഎസ്എസ് പിന്തുണ കെ സുരേന്ദ്രന്

By Web TeamFirst Published Mar 20, 2019, 10:43 AM IST
Highlights

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ആക്കാനുള്ള മുരളീധരപക്ഷത്തിന്‍റെ നീക്കത്തെ തകർത്തത് ആർഎസ്എസായിരുന്നു. അതേ ആർഎസ്എസ് തന്നെയാണ് ഇപ്പോൾ സുരേന്ദ്രനുവേണ്ടി കേന്ദ്രനേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയത്.

തിരുവനന്തപുരം: പത്തനംതിട്ട സീറ്റിൽ കെ സുരേന്ദ്രൻ മത്സരിക്കാനിറങ്ങുന്നതോടെ സംസ്ഥാന ബിജെപിയിൽ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുകയാണ്. കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയോഗിച്ച സമയത്ത് കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്‍റ് ആക്കാനുള്ള മുരളീധരപക്ഷത്തിന്‍റെ നീക്കത്തെ തകർത്തത് ആർഎസ്എസായിരുന്നു. അന്ന് എന്തുവന്നാലും കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ ആക്കാൻ അനുവദിക്കില്ലെന്ന നിലപാട് എടുത്ത ആർഎസ്എസ് തന്നെയാണ് ഇപ്പോൾ സുരേന്ദ്രനുവേണ്ടി കേന്ദ്രനേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയത്. പി എസ് ശ്രീധരൻപിള്ളയും അൽഫോൺസ് കണ്ണന്താനവും നോട്ടമിട്ട പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

കുമ്മനത്തിന് പകരക്കാരനെ നിശ്ചയിക്കാനുള്ള ചർച്ചകളിൽ കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്‍റാക്കുന്നതിനെ തുറന്നെതിർത്തത് മുൻ സംസ്ഥാന അധ്യക്ഷൻ പി കെ കൃഷ്ണദാസ് പക്ഷമായിരുന്നു. അമിത്ഷായ്ക്ക് സുരേന്ദ്രനെ അധ്യക്ഷനാക്കാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിലും ആർഎസ്എസ് പിന്തുണയോടെയുള്ള കൃഷ്ണദാസ് പക്ഷത്തിന്‍റെ എതിർപ്പ് അന്ന് ഫലം കണ്ടു. എം ടി രമേശ് അടക്കമുള്ളവർ കൃഷ്ണദാസിനുവേണ്ടി വാദിച്ചെങ്കിലും ഒടുവിൽ ദീർഘനാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ സമവായമെന്ന നിലയിൽ പി എസ് ശ്രീധരൻ പിള്ളയെ സംസ്ഥാന അധ്യക്ഷനായി തീരുമാനിക്കുകയായിരുന്നു.

കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ശക്തമായ ആവശ്യമുണ്ടായിരുന്നു. കൃഷ്ണദാസ് പക്ഷമാണ് ഇതിനായി പ്രധാനമായും കരുക്കൾ നീക്കിയത്. ഇതിനിടെ ശബരിമല സമരത്തിലെ സുപ്രധാന ചുമതലകളിൽ നിന്നും സുരേന്ദ്രനെ അകറ്റിനിർത്താൻ ആർഎസ്എസ് ശ്രമിച്ചു. വി മുരളീധരനെ അനുകൂലിക്കുന്നവർ ഏതാണ്ട് പൂർണ്ണമായും സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള ശബരിമലസമരം കൈകാര്യം ചെയ്ത രീതിയായിരുന്നു ഇവരുടെ എതിർപ്പിന് കാരണം.

എന്നാൽ സുരേന്ദ്രൻ അറസ്റ്റിലാവുകയും ഒരു മാസത്തോളം ജയിൽ വാസം അനുഭവിക്കുകയും ചെയ്തതോടെയാണ് ആർഎസ്എസിന്‍റെ നീരസം നീങ്ങിത്തുടങ്ങിയത്. ശബരിമല വിധിയെ തുടർന്ന് രൂപപ്പെട്ട സാഹചര്യം സംഘപരിവാറിന് അനുകൂലമാക്കി തിരിച്ചതിൽ കെ സുരേന്ദ്രന് വലിയ പങ്കുണ്ടെന്നാണ് ആർഎസ്എസിന്‍റെ ഇപ്പോഴത്തെ വിലയിരുത്തൽ. കുമ്മനം രാജശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതോടെയാണ് പത്തനംതിട്ട സീറ്റിനുവേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തിയിട്ടും ശ്രീധരൻ പിള്ളയെ ഒഴിവാക്കി കെ സുരേന്ദ്രനെ പിന്തുണയ്ക്കാൻ ആ‍ർഎസ്എസ് തീരുമാനിച്ചത്.

പത്തനംതിട്ട സീറ്റിനുവേണ്ടി പി എസ് ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും തമ്മിൽ വലിയ പോരാണ് നടന്നത്. ഇതിനിടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനുവേണ്ടി അവകാശവാദമുന്നയിച്ചിരുന്നു. എൻഎസ്എസിന്‍റെ പിന്തുണയോടെ പത്തനംതിട്ടയിൽ നിന്ന് ജയിച്ചുകയറാമെന്നാണ് ശ്രീധരൻ പിള്ള കണക്കുകൂട്ടിയത്. പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്ന ഒന്നാം പേരുകാരൻ കെ സുരേന്ദ്രൻ അല്ലെന്നും ഒട്ടേറെ മണ്ഡലങ്ങളിലേക്കുള്ള സാദ്ധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ തന്നെയാണ് ഒന്നാം പേരുകാരനായി പ്രവർത്തകർ നിർദ്ദേശിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിളള ഇതിനിടെ വാർത്താക്കുറിപ്പും പുറത്തിറക്കി.
 
പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിൽ ഒന്നാം പേരുകാരൻ ശ്രീധരൻ പിള്ളയായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരൻ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയത്. എന്നാൽ പ്രാദേശിക ബിജെപി പ്രവർത്തകരിൽ നിന്ന് കെ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ വലിയ മുറവിളികൾ ഉയർന്നു. സുരേന്ദ്രനുവേണ്ടി ബിജെപിയുടേയും അമിത് ഷായുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കും ബിജെപി ആസ്ഥാനത്തെ ഫാക്സ് നമ്പറുകളിലേക്കും നൂറുകണക്കിന് സന്ദേശങ്ങൾ എത്തി.. ആർഎസ്എസിന്‍റെ കൂടി ശക്തമായ ഇടപെടൽ ഉണ്ടായതോടെയാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടിക വെട്ടി അമിത് ഷാ പത്തനംതിട്ടയിലേക്ക് കെ സുരേന്ദ്രനെ നിർദ്ദേശിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. പത്തനംതിട്ട അല്ലാതെ മറ്റെവിടെയും മത്സരിക്കാൻ താൽപ്പര്യമില്ല എന്നറിയിച്ച ശ്രീധരൻ പിള്ള മത്സരിക്കാനില്ലെന്നാണ് സൂചന.

click me!