
മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് പരസ്യ പിന്തുണയുമായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. അടുത്ത പ്രധാനമന്ത്രി മോദിയല്ലെന്നും നിതിന്‍ ഗഡ്കരിയാണെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് അനുരാഗ് കശ്യപിന്റെ പരാമർശം. 120 കോടി ജനങ്ങളുള്ള രാജ്യത്ത് മോദിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ ജനങ്ങൾക്ക് സാധിക്കാത്തതെന്താണെന്ന ഒരു ട്വീറ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'ബിജെപിയ്ക്ക് മോദിയെക്കാൾ ഉപരി തെരഞ്ഞെടുക്കാനാകുന്നയാൾ ഗഡ്കരിയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് നിങ്ങൾക്ക് തുടച്ച് മാറ്റാൻ കഴിയാത്ത ഒരു കാര്യം അഴിമതിയാണ്. എന്നാൽ യഥാർത്ഥത്തിൽ വർഗീയതയും വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയവുമാണ് നിങ്ങൾ തുടച്ച് മാറ്റേണ്ടത്', കശ്യപ് ട്വീറ്റ് ചെയ്തു. രാഷ്ട്രീയത്തിൽ നിന്ന് വിദ്വേഷം നീക്കാനുള്ള ഏക മാർഗം സഖ്യ സർക്കാറിനെ തെരഞ്ഞെടുക്കുക എന്നതാണ്. ജനങ്ങൾ മോദിക്ക് വോട്ട് ചെയ്യാതിരിക്കുകയും മണ്ഡലത്തിലെ ഏറ്റവും വിശ്വസ്തനായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ചൗക്കിദാർ ക്യാമ്പയിനിനെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമർശിച്ചു. ഇന്ത്യയ്ക്ക് വേണ്ടത് ഒരു പ്രധാനമന്ത്രിയെ ആണെന്നും അല്ലാതെ കാവൽക്കാരനെയല്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. മോദി വിമർശകൻ എന്ന് പൊതുവെ അറിയപ്പെടുന്ന ചലച്ചിത്രതാരമാണ് അനുരാഗ് കശ്യപ്.