
കല്‍പറ്റ: വയനാട്ടിൽ പ്രളയനന്തര പ്രവർത്തനം ഇഴയുന്നത് തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. ഒമ്പത് മാസം പിന്നിട്ടിട്ടും വീട് പനർനിർമ്മാണം മിക്കയിടത്തും പൂർത്തിയായിട്ടില്ല. പ്രത്യക്ഷമായ പ്രതിഷേധമില്ലെങ്കിലും പ്രളയബാധിതർ അസംതൃപ്തിയിലാണ്.
വയനാട് അമ്മാറയിൽ ഉരുൾപൊട്ടി 7 പേർക്ക് വീട് പൂർണമായി നഷ്ടപ്പെട്ടു. ഒരാളുടെ വീട് പണി മാത്രം നടക്കുന്നു. ചിലർക്ക് സ്ഥലം കിട്ടി. പക്ഷേ വീടിന് പണം അനുവദിച്ചില്ല. ചിലർക്ക് വീട് അനുവദിച്ചു. പക്ഷേ സ്ഥലം നൽകിയില്ല.. അമ്മാറയിലെ ഈ കാഴ്ച തന്നെയാണ് വയനാട്ടിലെ പ്രളയ ബാധിത മേഖലകളിലാകെ.
നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ഇടപെട്ട് പുതിയ ഉത്തരവ് ഇറങ്ങിയതായും 60 ശതമാനത്തിലേറെ ദുരിത ബാധിതർക്ക് പണം അനവദിച്ച് കഴിഞ്ഞതായും ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. പ്രളയത്തെ അതിജീവിച്ച നാടാക്കി വയനാടിനെ മാറ്റിയത് സർക്കാർ ഇടപെടലാണെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു.
പ്രളയസഹായം നിഷേധിച്ച കേന്ദ്ര സർക്കിരിന്റെ നിലപാടും, പുനർനിർമ്മാണത്തിൽ പങ്കെടുക്കാത്ത കോൺഗ്രസ്സിന്റെ സമീപനവും സുനീറിന് അനുകൂല വോട്ടാകുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. അതേ സമയം പ്രളായനന്തര പ്രവർത്തനങ്ങളിലെ വീഴ്ചകൾ സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ സ്ഥാനാർത്ഥിയുടെ തോൽവി ഉറപ്പാക്കുമെന്ന് യുഡിഎഫും എൻഡിഎയും പറയുന്നു.