തമിഴ്നാട്ടില്‍ ബിജെപിക്ക് നിര്‍ണായക പോരാട്ടം; തൂത്തുക്കുടിയില്‍ പെണ്‍പോരാട്ടം

By Web TeamFirst Published Mar 21, 2019, 11:11 PM IST
Highlights

തൂത്തുക്കൂടിയില്‍ കനിമൊഴിയെ നേരിടാന്‍ സംസ്ഥാന അധ്യക്ഷയെ തന്നെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ശിവഗംഗയില്‍ ഇത്തവണ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ്

ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന അ‍ഞ്ച് മണ്ഡലങ്ങളിലും നിര്‍ണായകമായ പോരാട്ടത്തിനാണ് വഴി തുറന്നിരിക്കുന്നത്. തൂത്തുക്കൂടിയില്‍ കനിമൊഴിയെ നേരിടാന്‍ സംസ്ഥാന അധ്യക്ഷയെ തന്നെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ശിവഗംഗയില്‍ ഇത്തവണ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ്.

പതിനഞ്ച് വര്‍ഷത്തോളം പി ചിദംബരത്തിന്‍റെ ഉറച്ച സീറ്റായിരുന്ന ശിവഗംഗയില്‍ ഇത്തവണ ദേശീയ സെക്രട്ടറി എച്ച് രാജയെ തന്നെയാണ് ബിജെപി വീണ്ടും പോരാട്ടത്തിനിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ ശിവഗംഗയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പേ കാര്‍ത്തി ചിദംബരം പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ കാല്‍ലക്ഷത്തോളം വോട്ടിനാണ് ഇരുവരും അണ്ണാഡിഎംകെയോട് പരാജയപ്പെട്ടത്. 

പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുള്ള പശ്ചാത്തലത്തില്‍ കാര്‍ത്തിയുടെ പ്രവര്‍ത്തനങ്ങള്‍ വിലപ്പോവില്ലെന്നാണ് ബിജെപി കണക്കുകൂട്ടല്‍. ലോക്സഭയിലേക്ക് എട്ടാം അങ്കത്തിന് കന്യാകുമാരിയില്‍ നിന്ന് പൊന്‍ രാധാകൃഷ്ണന്‍ തന്നെയാണ് രംഗത്തുള്ളത്. തമിഴകത്ത് നിന്നുള്ള ലോക്സഭയിലെ ഏക ബിജെപി പ്രതിനിധി ഇത്തവണയും കോട്ട കാക്കുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. കോയമ്പത്തൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി നടരാജനെ നേരിടാന്‍ ബിജെപി ടിക്കറ്റില്‍ എത്തുന്നത് മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ സിപി രാധാകൃഷ്ണന്‍.

കഴിഞ്ഞ തവണ മോദി പ്രഭാവത്തിനിടയിലും രണ്ടാം സ്ഥാനത്തായിരുന്നു പാര്‍ട്ടി. പൊലീസ് വെടിവയ്പ്പിലെ പ്രതിഷേധാഗ്നി അടങ്ങാത്ത തൂത്തുക്കുടിയിലാകട്ടെ പെണ്‍പോരിനാണ് വേദിയാവുന്നത്. ലോക്സഭയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്ന ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിക്ക് എതിരെ സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ തന്നെ എത്തിയതോടെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ പോരാട്ടവേദിയായി കഴിഞ്ഞു തൂത്തുക്കുടി.

click me!