പിണറായിയും മോദിയും തമ്മില്‍ ഗൂഢ ബന്ധമെന്ന് വി എം സുധീരന്‍

By Web TeamFirst Published Mar 24, 2019, 3:58 PM IST
Highlights

വെള്ളാപ്പള്ളിയെ വർഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോൾ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നത്. സിപിഎമ്മിന് രാഷ്ട്രീയ ജീർണ്ണത സംഭവിച്ചിരിക്കുന്നുവെന്നും സുധീരന്‍ 

ആലപ്പുഴ: പിണറായി വിജയനും മോദിയും തമ്മിൽ ഗൂഢമായ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ലാവ്ലിൻ കേസ് കേൾക്കാൻ സുപ്രീംകോടതി തയ്യാറാണ്. എന്നാല്‍ സിബിഐ തയ്യാറല്ലെന്നും ഇത് സിപിഎം ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്നും സുധീരന്‍ പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് സിപിഎം കോലീബി എന്ന വ്യാജ പ്രചരണം നടത്തുന്നത്. ജനങ്ങളുടെ ആഗ്രഹവും ആവശ്യവുമാണ് രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കുക എന്നതെന്നും സുധീരന്‍ വ്യക്തമാക്കി. 

സിപിഎമ്മിന്‍റെയും ബിജെപിയുടെയും ലക്ഷ്യം കോൺഗ്രസ്സിനെ തോൽപിക്കുകയാണ്. ഈ സർക്കാരിന്‍റെ ഏറ്റവും വലിയ അഴിമതിയാണ് ഹാരിസൺ ഭൂമിക്ക് ഉടമസ്ഥത നൽകിയത്. അഞ്ചര ലക്ഷം ഏക്കർ ഭൂമിയുടെ ഉടമസ്ഥത കുത്തകകൾക്ക് കൊടുക്കാനുള്ള നീക്കം ഗൂഢാലോചനയാണ്. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾക്ക് ഈ സർക്കാർ ഇപ്പോഴും ഒത്താശ നൽകുന്നുണ്ട്. ഇപ്പോഴത്തെ സിപിഎമ്മിന് കുത്തക പാർട്ടിയുടെ മനോഭാവമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. 

വെള്ളാപ്പള്ളിയോട് തനിക്കുള്ളത് നിലപാടുകളോട് ഉള്ള വിയോജിപ്പ് മാത്രമാണ്. വെള്ളാപ്പള്ളി നാഴികക്ക് നാല്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്‍റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണെന്നും സുധീരന്‍ ചോദിച്ചു. ആ പ്രസ്ഥാനം എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതിന് വിപരീതമായാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നത്. വെള്ളാപ്പള്ളി സിപിഎം ബിജെപി ബന്ധത്തിന്‍റെ കണ്ണിയാണ്. വെള്ളാപ്പള്ളിയെ നികൃഷ്ടമായി വിമർശിച്ച സിപിഎമ്മിനോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂ. വെള്ളാപ്പള്ളിയെ വർഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോൾ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നത്. സിപിഎമ്മിന് രാഷ്ട്രീയ ജീർണ്ണത സംഭവിച്ചിരിക്കുന്നുവെന്നും സുധീരന്‍ ആരോപിച്ചു. 

click me!