ഉമ്മൻചാണ്ടി കോട്ടയത്ത് മത്സരിക്കണമെന്ന് ജോസഫ്; യുഡിഎഫ് നേതാക്കളുമായി തിരുവനന്തപുരത്ത് നിർണായക കൂടിക്കാഴ്ച

By Web TeamFirst Published Mar 13, 2019, 11:05 AM IST
Highlights

പ്രശ്നങ്ങളെല്ലാം കോൺഗ്രസ് നേതാക്കളെ ബോധിപ്പിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കൾ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് പറഞ്ഞു.  കോട്ടയം സീറ്റിന്‍റെ പേരിൽ യുഡിഎഫ് വിടില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: കോട്ടയം സീറ്റ് സംബന്ധിച്ച് കേരളാ കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായി പുതിയ ഉപാധി മുന്നോട്ടുവെച്ച് പി ജെ ജോസഫ്. കോട്ടയം സീറ്റ് കോൺഗ്രസുമായി വച്ചുമാറി അവിടെ ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

കേരളാ കോൺഗ്രസ് വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയിൽ ലോക്സഭയിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ചിട്ടും കോട്ടയം സീറ്റ് വിട്ട് നൽകാൻ തയ്യാറാകാത്ത കെഎം മാണിയുടെ നിലപാടിലുള്ള പ്രതിഷേധവും അതൃപ്തിയും കോൺഗ്രസ് നേതാക്കളെ അറിയിച്ചതിന് ശേഷമാണ് പി ജെ ജോസഫ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്.

ജോസഫ് മാണി പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രഖ്യാപിച്ച ഉമ്മൻചാണ്ടിയുമായാണ് ജോസഫ് ആദ്യ കൂടിക്കാഴ്ച നടത്തിയത്. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും പിജെ ജോസഫ് കൂടിക്കാഴ്ച നടത്തി. സ്വന്തം പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന് ഇരുനേതാക്കളോടും ജോസഫ് പറഞ്ഞു. അൽപസമയത്തിനകം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജോസഫുമായി ചർച്ച നടത്തും

പ്രശ്നങ്ങളെല്ലാം കോൺഗ്രസ് നേതാക്കളെ ബോധിപ്പിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കൾ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് പറഞ്ഞു.കോട്ടയം സീറ്റിന്‍റെ പേരിൽ യുഡിഎഫ് വിടില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം കോട്ടയം സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലെന്ന നിലപാടിലാണ് മാണി. തോമസ് ചാഴിക്കാടൻ കോട്ടയത്ത് മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് ജോസ് കെ മാണിയടക്കമുള്ള  നേതാക്കൾ ആവര്‍ത്തിച്ചു. നിര്‍ണ്ണായക തെരഞ്ഞെടുപ്പിൽ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വവും. പൊട്ടിത്തെറിയിലെത്തി നിൽക്കുന്ന കേരളാ കോൺഗ്രസിൽ പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു

click me!